ആകെ കയറ്റുമതിയുടെ 44%!; എണ്ണയിതര കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ
ജി20 രാജ്യങ്ങളിൽ ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ മുൻനിര രാജ്യമായി സൗദി

റിയാദ്: എണ്ണ ഇതര കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ. 2025ൽ രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതി വരുമാനം 62,400 കോടി റിയാൽ എന്ന ചരിത്ര നേട്ടം കൈവരിച്ചു. മുൻവർഷത്തെ 54,300 കോടി റിയാലിനെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായത്. ഇതോടെ സൗദിയുടെ ആകെ കയറ്റുമതിയുടെ 44 ശതമാനവും എണ്ണയിതര ഉൽപന്നങ്ങളായി മാറി. ജി20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ രാജ്യമായി സൗദി മാറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2021-ൽ 32,500 കോടി റിയാലായിരുന്ന എണ്ണയിതര കയറ്റുമതിയാണ് വെറും നാല് വർഷം കൊണ്ട് 62,400 കോടിയിലേക്ക് ഉയർന്നത്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായുള്ള സൗദിയുടെ ശ്രമങ്ങൾ ഫലം കാണുന്നു എന്നതിന്റെ സൂചനയാണിത്. 2022ൽ 46,800 കോടി റിയാൽ, 2023ൽ 47,700 കോടി റിയാൽ എന്നിങ്ങനെയായിരുന്നു നേട്ടം. 2025ലെ വളർച്ചയിൽ പെട്രോകെമിക്കൽ ഇതര ഉൽപന്നങ്ങൾ 12 ശതമാനം വളർച്ചയോടെ 7,800 കോടി റിയാൽ നേടി. ഭക്ഷ്യ-കാർഷിക മേഖലയിലെ കയറ്റുമതി 2,400 കോടി റിയാലായി ഉയർന്നു. മെഷിനറി, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി 430 കോടിയിൽ നിന്ന് 750 കോടിയിലെത്തി.
വളം കയറ്റുമതി 1.08 കോടി ടണ്ണായും വർധിച്ചു. ട്രാവൽ, ട്രാൻസ്‌പോർട്ടേഷൻ മേഖലകളുടെ കരുത്തിൽ സേവന കയറ്റുമതി 11 ശതമാനം വളർച്ചയോടെ 26,000 കോടി റിയാലിൽ എത്തി. പുനർ കയറ്റുമതി മേഖലയിൽ 53 ശതമാനത്തിന്റെ വൻ കുതിപ്പാണ് ഉണ്ടായത്. ആദ്യമായി ഈ മേഖല 10,000 കോടി കടന്ന് 13,900 കോടി റിയാൽ വരുമാനം നേടി. അടിസ്ഥാന സൗകര്യ വികസനം, ആഗോള വ്യാപാര പങ്കാളിത്തം, പ്രാദേശിക ഉൽപന്നങ്ങളുടെ അന്താരാഷ്ട്ര നിലവാരം എന്നിവയാണ് സൗദിയെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
Adjust Story Font
16

