റിയാദിൽ അൽ മുഅ്റസാത്ത്, അൽ നുസ്ഹ പ്രദേശങ്ങളിൽ കൂടി പേ പാർക്കിങ്
മെയ് 10 മുതൽ നിലവിൽ വരും

റിയാദ്: തലസ്ഥാന നഗരത്തിലെ പാർക്കിങ് സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി അൽ മുഗ്‌രിസാത്ത്, അൽ നുസ്ഹ എന്നീ ജനവാസ മേഖലകളിൽ ഞായറാഴ്ച (2026 മെയ് 10) മുതൽ 'നിയന്ത്രിത പാർക്കിങ്' സംവിധാനം നടപ്പിലാക്കുമെന്ന് 'റിയാദ് പാർക്കിങ്' അറിയിച്ചു. വാണിജ്യ തെരുവുകളിലെ പാർക്കിങ് നിയന്ത്രിക്കാനും, പുറത്തുനിന്നുള്ള വാഹനങ്ങൾ ജനവാസ മേഖലകളിലേക്ക് അതിക്രമിച്ചു കയറുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
നേരത്തെ അൽ വുറൂദ്, അൽ റഹ്മാനിയ, അൽ മുറൂജ്, അൽ ഒലയ്യ, അൽ സുലൈമാനിയ, അൽ മുഹമ്മദിയ തുടങ്ങി 13 ഓളം അയൽപക്കങ്ങളിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. പുതിയ രണ്ട് മേഖലകൾ കൂടി ഉൾപ്പെട്ടതോടെ റിയാദിലെ 15 ഇടങ്ങളിൽ ഈ സേവനം ലഭ്യമാകും. അനിയന്ത്രിതമായ പാർക്കിങ് ഒഴിവാക്കി താമസക്കാർക്കും സന്ദർശകർക്കും സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്.
മേഖലയിലെ താമസക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും ഒരു വർഷത്തേക്ക് കാലാവധിയുള്ള സൗജന്യ പാർക്കിങ് പെർമിറ്റുകൾ നൽകും. 'റിയാദ് പാർക്കിങ് ആപ്പ് വഴി എത്ര പെർമിറ്റുകൾ വേണമെങ്കിലും എളുപ്പത്തിൽ ഇഷ്യൂ ചെയ്യാവുന്നതാണ്. കൂടാതെ, താമസക്കാരെ തേടിയെത്തുന്ന അതിഥികൾക്കായി പ്രത്യേക സന്ദർശക പെർമിറ്റുകളും ആപ്പ് വഴി ലഭ്യമാക്കും.
Adjust Story Font
16

