വിനോദസഞ്ചാരികളുടെ മനം കവർന്ന് ഖസീം പ്രവിശ്യ; മൂന്ന് മാസത്തിനിടെ 11 ലക്ഷത്തിലധികം സന്ദർശകർ
മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

ഖസീം: സൗദിയുടെ വിനോദസഞ്ചാര ഭൂപടത്തിൽ അതിവേഗം വളരുന്ന നഗരമായി ഖസീം മേഖല മാറുന്നു. 2026ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഏകദേശം 11.3 ലക്ഷം സഞ്ചാരികളാണ് ഈ മനോഹരമായ പ്രവിശ്യ സന്ദർശിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വിനോദസഞ്ചാരത്തിലൂടെ മാത്രം 88 കോടി സൗദി റിയാൽ ഈ കാലയളവിൽ വരുമാനമായി ലഭിച്ചു. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളോടുള്ള താല്പര്യം വർധിച്ചതോടെ, ഇവിടെ താമസിച്ച് കാഴ്ചകൾ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും സേവന നിലവാരത്തിലെ പുരോഗതിയുമാണ് ഇത്രയും വലിയൊരു മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്.
സൗദി വിഷൻ 2030ന്റെ ഭാഗമായി തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിലും ഖസീം മികച്ച മാതൃകയാണ് കാണിക്കുന്നത്. ടൂറിസം മേഖലയിലെ ആകെ ജോലിക്കാരിൽ 32.34 ശതമാനം പേരും സൗദി പൗരന്മാരാണ്. ഇതിൽ സ്ത്രീകളുടെ പങ്കാളിത്തം 36.03 ശതമാനമെന്ന അഭിമാനകരമായ നേട്ടത്തിൽ എത്തിനിൽക്കുന്നു. യുവാക്കൾക്ക് ഈ മേഖലയിൽ മികച്ച പരിശീലനം നൽകുന്നതിനായി 5,398 ട്രെയിനിങ് പ്രോഗ്രാമുകളാണ് സർക്കാർ ഇതിനോടകം സംഘടിപ്പിച്ചത്. ടൂറിസം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതുതായി ആരംഭിച്ച ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഓഫീസ് കൂടി പ്രവർത്തനസജ്ജമായതോടെ വരും നാളുകളിൽ ഖസീം സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ്ബായി മാറിയേക്കും.
Adjust Story Font
16

