ക്യുഎസ് ലോക സർവ്വകലാശാല റാങ്കിങ്; 81 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സൗദിയിലെ കിങ് ഫൈസൽ യൂണിവേഴ്സിറ്റി
1500-ലധികം സർവ്വകലാശാലകളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്

റിയാദ്: ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ റാങ്കിങ് പട്ടികയായ ക്യു.എസ് ലോക സർവ്വകലാശാല റാങ്കിങിൽ സൗദിയിലെ കിങ് ഫൈസൽ യൂണിവേഴ്സിറ്റി 567-ാം സ്ഥാനത്തെത്തി. ഇതോടെ സൗദി അറേബ്യയിലെ സർവ്വകലാശാലകളുടെ പട്ടികയിൽ കിങ് ഫൈസൽ യൂണിവേഴ്സിറ്റി എട്ടാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള 1500-ലധികം സർവ്വകലാശാലകളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര തലത്തിലുള്ള വളർച്ചയും അക്കാദമിക്, ഗവേഷണ മേഖലകളിലെ പുരോഗതിയുമാണ് ഈ നേട്ടത്തിലൂടെ പ്രകടമാകുന്നത്. സൗദി വിഷൻ 2030, ഹ്യൂമൻ കാപ്പബിലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ഫലമാണ് ഈ തുടർച്ചയായ മുന്നേറ്റമെന്ന് സ്ട്രാറ്റജിക് പ്ലാനിങ് ആന്റ് കോർപ്പറേറ്റ് ഐഡന്റിറ്റി വിഭാഗം സൂപ്പർവൈസർ ഡോ. അഹമ്മദ് ബിൻ സുലൈമാൻ അൽ-സഫ്രാൻ പറഞ്ഞു.
സർവ്വകലാശാല തുടർച്ചയായ മൂന്നാം വർഷമാണ് റാങ്കിങ്ങിൽ മുന്നേറ്റം കാഴ്ചവെക്കുന്നതെന്ന് ഗ്ലോബൽ റാങ്കിങ് യൂണിറ്റ് സൂപ്പർവൈസർ ഡോ. നൂറ ബിൻത് സഅ്ദൂൻ അൽ-സഅ്ദൂൻ വ്യക്തമാക്കി. 2025-ലെ റാങ്കിങ്ങിൽ 761–770 വിഭാഗത്തിലായിരുന്ന സർവ്വകലാശാല, 2026-ൽ 648-ാം സ്ഥാനത്തേക്കും, ഇപ്പോൾ 2027-ലെ പുതിയ പട്ടികയിൽ 567-ാം സ്ഥാനത്തേക്കും കുതിച്ചുയരുകയായിരുന്നു.
Adjust Story Font
16

