റഹീമിന് 20 വർഷം തടവ് വിധിച്ചത് കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ചതിനെന്ന് നിയമ സഹായ സമിതി
റഹീം കേസിൽ കോടതി വിധിപ്പകർപ്പ് ലഭിച്ചു
റിയാദ്: കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ കോടതി വിധിച്ചതെന്ന് റഹീം നിയമ സഹായ സമിതി. കഴിഞ്ഞ ദിവസമാണ് സൗദി ബാലന്റെ കൊലപാതക കേസിൽ റിയാദ് ക്രിമിനൽ കോടതി വിധി പറഞ്ഞത്. 20 വർഷം തടവാണ് കോടതി വിധിച്ചത്. പണം നൽകി കേസ് കുടുംബവുമായി ഒത്തുതീർപ്പാക്കിയതിനാൽ വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ കുറ്റകൃത്യത്തിനുള്ള പൊതുശിക്ഷയാണ് കോടതി വിധിച്ചത്. കൃത്യം മറച്ചുവെക്കാൻ റഹീം ശ്രമിച്ചതിനാണ് തടവുകാലാവധിയെന്ന് കോടതി വിധിയിൽ പറയുന്നതായി റഹീം നിയമസഹായ സമിതി വിശദീകരിച്ചു.
19 വർഷം പിന്നിട്ടതിനാൽ മോചനം വേഗത്തിലാക്കാൻ സാധ്യമാകുന്ന എല്ലാ വഴികളും തേടും. വിധിക്കെതിരെ അപ്പീൽ പോകുന്നത് കാലം താമസം സൃഷ്ടിക്കുമെങ്കിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാകും തീരുമാനമെടുക്കുകയും സമിതി ഭാരവാഹികൾ പറഞ്ഞു.
കോടതി വിധിയുടെ പകർപ്പ് ലഭിച്ചതോടെ മോചനകാര്യത്തിൽ വ്യക്തത വന്നു. 20 വർഷം തടവ് ശിക്ഷയെന്ന വിധിയിൽ അപ്പീൽ പോകാം. പക്ഷേ അത് കാലതാമസത്തിനും കാരണമാകും. ഇതിനാൽ ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാകും തീരുമാനം. പ്രോസിക്യൂഷനും വിധിക്കെതിരെ അപ്പീൽ പോയാൽ കേസ് നീളും. പ്രോസിക്യൂഷൻ അപ്പീലിന് പോകാനിടയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. 13 സിറ്റിങാണ് കേസുമായി ബന്ധപ്പെട്ട് നടന്നത്. അനിശ്ചിതാവസ്ഥക്കൊടുവിൽ വിധി വന്നതിൽ റഹീം സന്തോഷവാനാണ്.
വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് സമിതിക്കെതിരെ അപവാദം പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് കോടതി വിധി. കേസിൽ ശിക്ഷാ കാലയളവിനകം, ഇളവ് ലഭിക്കാനുള്ള സാധ്യതകൾ തേടുകയാണെന്നും സമിതി വ്യക്തമാക്കി.
Adjust Story Font
16

