ഇനി ചൂടോടെ മഴയാവാം...; സൗദിയിലെ വിവിധയിടങ്ങളിൽ അടുത്ത 3 മാസം അസ്ഥിര കാലാവസ്ഥ
സാധാരണയേക്കാൾ കൂടുതൽ മഴ, കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്യും

റിയാദ്: സൗദി അറേബ്യയിൽ മെയ് മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്ക്കും താപനിലയിൽ വർധനവിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ ശരാശരിയിലും ഉയരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
മെയ് മാസം മിക്കയിടങ്ങളിലും താപനില ഉയരും. ഹാഇലിന്റെ വടക്കുപടിഞ്ഞാറ്, തബൂക്ക്, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താപനില ശരാശരിയേക്കാൾ 0.8°C വരെ വർധിച്ചേക്കാം. ജിസാൻ, അസീർ, അൽ ബഹ, മക്ക പ്രവിശ്യകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. മദീന, തബൂക്ക്, അൽ ജൗഫ്, ഹാഇൽ, ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ, നോർത്തേൺ ബോർഡർ എന്നിവിടങ്ങളിൽ മിതമായ മഴ മുതൽ കനത്ത മഴ വരെ ലഭിക്കാം.
ജൂണിൽ രാജ്യത്തുടനീളം താപനില വർധിക്കാൻ 80 ശതമാനം വരെ സാധ്യതയുണ്ട്. റിയാദിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും മദീനയുടെ തെക്കുകിഴക്കും 1.0°C വരെ താപനില ഉയരാം. ജിസാൻ, പടിഞ്ഞാറൻ അസീർ, തെക്കൻ മക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ജൂണിലും മഴ തുടരും. ജൂലൈ മാസത്തിൽ താപനിലയിൽ കൂടുതൽ വർധനവുണ്ടാകും. മക്കയുടെ തെക്കുപടിഞ്ഞാറ്, അൽ ബഹയുടെ പടിഞ്ഞാറ്, അസീറിന്റെ പടിഞ്ഞാറ്, ജിസാന്റെ വടക്ക് എന്നിവിടങ്ങളിൽ ശരാശരിയേക്കാൾ 1.4°C വരെ ചൂട് കൂടാൻ സാധ്യതയുണ്ട്.
കാലാവസ്ഥാ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും പൗരന്മാരോടും താമസക്കാരോടും കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു. കൂടുതൽ കൃത്യമായ വിവരങ്ങൾക്കായി വെബ്സൈറ്റ് വഴിയുള്ള ഹ്രസ്വകാല പ്രവചനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

