സൗദിയിൽ റമദാൻ സീസൺ പരിപാടികൾക്ക് തുടക്കം
120 രാജ്യങ്ങളിൽ വിവിധ റമദാൻ പരിപാടികൾ നടപ്പാക്കും

റിയാദ്: ഈ വർഷത്തെ റമദാൻ സീസൺ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ. ആഗോള തലത്തിലുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കുക. പദ്ധതികളുടെ പ്രഖ്യാപനം ഇസ്ലാമിക കാര്യ മന്ത്രി റിയാദിൽ നിർവഹിച്ചു. 120 രാജ്യങ്ങളിൽ സൗദിയുടെ നേതൃത്വത്തിൽ വിവിധ റമദാൻ പരിപാടികൾ നടപ്പാക്കും. ഇത്തവണത്തെ റമദാൻ സീസണിലെ ആഗോള പ്രോഗ്രാമുകളുടെ ഔദ്യോഗിക ഉദ്ഘാടനമാണ് റിയാദിൽ സംഘടിപ്പിച്ചത്. ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ഷൈഖ് ആണ് പദ്ധതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വിശുദ്ധ റമദാനുമായി ബന്ധപ്പെട്ട മത, ആത്മീയ, സാമൂഹിക പ്രവർത്തനങ്ങൾ ലോകമെമ്പാടും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ദഅ് വ പ്രവർത്തനങ്ങൾ, മതബോധവത്കരണം, ഖുർആൻ പഠന ക്ലാസുകൾ, മുസ്ലിം ന്യൂനപക്ഷ രാജ്യങ്ങൾക്ക് പ്രത്യേക പിന്തുണ, ഇഫ്താർ വിതരണം, സാമൂഹിക സേവനങ്ങൾ, പള്ളികളിലേക്ക് ഇമാമുമാരെയും പ്രബോധകരെയും നിയമിക്കൽ തുടങ്ങിയവ പദ്ധതിയിൽ ഉൾപെടും. ഇരു ഹറം കാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ. നിലവിൽ സ്വദേശികൾക്കായുള്ള ഖുർആൻ പാരായണ മത്സരം പദ്ധതിയുടെ ഭാഗമായി റിയാദിൽ പുരോഗമിക്കുന്നുണ്ട്. മത്സരവേദി സന്ദർശിച്ചതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.
Adjust Story Font
16

