Quantcast

സൗദിയിൽ ഈജാർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾക്ക് നിയമസാധുതയില്ല

വിദേശികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഈജാർ കരാറുകൾ നിർബന്ധമാക്കുമെന്നും അതോറിറ്റി

MediaOne Logo

Web Desk

  • Published:

    9 July 2025 10:36 PM IST

സൗദിയിൽ ഈജാർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾക്ക് നിയമസാധുതയില്ല
X

റിയാദ്: സൗദി അറേബ്യയിൽ ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റിന്റെ ഈജാർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾക്ക് ഇനി നിയമസാധുതയുണ്ടാകില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമപരമായി രജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾ സർക്കാർ സേവനങ്ങൾക്കുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കില്ലെന്നും റിയൽ എസ്റ്റേറ്റ് അതോറിറ്റി അറിയിച്ചു.

ഭവന വാടക വിപണിയിൽ വിശ്വാസ്യത വർധിപ്പിക്കുന്നതിനും വാടക സംബന്ധമായ തർക്കങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നിയമം നടപ്പിലാക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈജാർ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തതെന്നും അതോറിറ്റി വിശദീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ്, ജുഡീഷ്യൽ വകുപ്പുകൾ ഇനിമുതൽ രജിസ്റ്റർ ചെയ്യാത്ത കരാറുകൾ ഔദ്യോഗിക രേഖയായി അംഗീകരിക്കില്ല.

വിദേശികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഈജാർ കരാറുകൾ നിർബന്ധമാക്കുമെന്നും അതോറിറ്റി എടുത്തുപറഞ്ഞു. ഇതിനായി ഭവന മന്ത്രാലയവുമായും സാമൂഹിക വികസന മന്ത്രാലയവുമായും ഏകോപിപ്പിച്ച് സംവിധാനം നടപ്പിലാക്കും. വാടക കരാർ ആവശ്യമുള്ള സേവനങ്ങൾ നൽകുമ്പോൾ സർക്കാർ ഏജൻസികൾ ഈജാർ നെറ്റ്വർക്ക് വഴി വാടക കരാറുകൾ പരിശോധിക്കും.

ഈജാറിൽ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്നതുൾപ്പെടെയുള്ള അസാധാരണ കേസുകളിൽ കരാർ അംഗീകരിക്കുന്നതിന് ആവശ്യമായ നിബന്ധനകളും ആവശ്യകതകളും നിർണ്ണയിക്കേണ്ടത് നീതിന്യായ, ഭവന മന്ത്രാലയങ്ങളുടെ ഉത്തരവാദിത്തമാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

TAGS :

Next Story