പറന്നു.. ആദ്യ സർവീസ് ആരംഭിച്ച് റിയാദ് എയർ
ഇന്ത്യയിലേക്കുള്ള സർവീസുകളും ഈ വർഷമുണ്ടാകും

റിയാദ്: സൗദിയുടെ പുത്തൻ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ സർവീസുകൾക്ക് തുടക്കമായി. റിയാദിൽ നിന്നും ലണ്ടനിലേക്കായിരുന്നു ആദ്യ സർവീസ്. ആദ്യ ആഭ്യന്തര സർവീസ് ഈ മാസം പതിനാലിന് ജിദ്ദയിലേക്കാണ്. മറ്റു നാല് അന്താരാഷ്ട്ര റൂട്ടുകളിലേക്കും ഈ മാസം സർവീസ് തുടങ്ങും. ഇന്ത്യയിലേക്കുള്ള സർവീസുകളും ഈ വർഷമുണ്ടാകും.
പ്രീമിയം സേവനങ്ങളുമായി ആദ്യത്തെ രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് റിയാദ് എയർ സർവീസ് ആരംഭിച്ചത്. ഇന്നലെ റിയാദിൽ നിന്നും പുറപ്പെട്ട വിമാനം ലണ്ടനിൽ ലാന്റ് ചെയ്തു. പരീക്ഷണ പറക്കലിന് ശേഷം കൊമേഴ്ഷ്യൽ സർവീസ് പ്രഖ്യാപിച്ചതിലും നേരത്തയാണ് ആരംഭിച്ചത്. ജൂലൈ ഒന്നിന് നടത്താനിരുന്ന ലണ്ടൻ സർവീസാണ് ഇന്നലെ പറന്നത്. ദുബൈയിലേക്ക് ജൂൺ 18നും കെയ്റോയിലേക്ക് ജൂൺ 25 നും വിമാനങ്ങൾ പറന്നുയരും.
മാഡ്രിഡിലേക്ക് ജൂലൈ 17 മുതലാണ് സർവീസ്. മാഞ്ചസ്റ്ററിലേക്ക് ജൂലൈ 23നും. ആകെ 180 വിമാനങ്ങൾ 2030നകം സ്വന്തമാക്കുകയാണ് റിയാദ് എയറിന്റെ സ്വപ്നം. നിലവിൽ രണ്ടെണ്ണമാണെങ്കിലും ബാക്കിയുള്ളവ വരും മാസങ്ങളിലെത്തും. 2030-ഓടെ തലസ്ഥാന നഗരമായ റിയാദിനെ ലോകമെമ്പാടുമുള്ള നൂറിലധികം നഗരങ്ങളുമായി ബന്ധിപ്പിക്കുകയാണ് റിയാദ് എയറിന്റെ ലക്ഷ്യം. സൗദി ഭരണകൂടത്തിന്റെ എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ് വിമാനക്കമ്പനിയുടെ ഉടമസ്ഥർ.
Adjust Story Font
16

