തെന്നൽ സാധ്യത മുൻകൂട്ടി കണ്ട് ജാഗ്രതയോടെ വാഹനമോടിക്കുക; ഡ്രൈവർമാർക്ക് നിർദേശങ്ങളുമായി റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റി
കഴിഞ്ഞ ദിവസങ്ങളിലായി റിയാദിലടക്കം സൗദിയിലെ വിവിധയിടങ്ങളിൽ മഴ തുടരുകയാണ്

റിയാദ്: മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പുള്ള കൃത്യമായ പരിശോധനകൾ അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. യാത്ര തുടങ്ങുന്നതിന് മുമ്പ് ടയറുകൾ, ബ്രേക്ക്, ലൈറ്റുകൾ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുക, വെള്ളക്കെട്ടുകൾ കുറഞ്ഞതും സുരക്ഷിതവുമായ റോഡുകൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ
കഴിഞ്ഞ ദിവസങ്ങളിലായി റിയാദിലടക്കം സൗദിയിലെ വിവിധയിടങ്ങളിൽ മഴ തുടരുകയാണ്. ഗ്ലാസുകളിൽ മഞ്ഞ് മൂടുന്നത് ഒഴിവാക്കാൻ ജനലുകൾ അല്പം താഴ്ത്തിയിടുക, നനഞ്ഞ റോഡുകളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ വേഗത പരിമിതപ്പെടുത്തുക, മുമ്പിൽ പോകുന്ന വാഹനങ്ങളുമായി കൃത്യമായ സുരക്ഷിത അകലം പാലിക്കുക, മഴയത്ത് കാഴ്ച വ്യക്തമാക്കാൻ വൈപ്പറുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുക, കാഴ്ച മങ്ങുന്ന സാഹചര്യങ്ങളിൽ ഹെഡ്‌ലൈറ്റുകളും സിഗ്നൽ ലൈറ്റുകളും പ്രവർത്തിപ്പിക്കുക, റോഡിലെ തെന്നൽ സാധ്യതയും വെള്ളക്കെട്ടുകളും മുൻകൂട്ടി കണ്ട് അതീവ ജാഗ്രതയോടെ വാഹനം നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ മുന്നോട്ടുവെച്ചു.
Adjust Story Font
16

