3 സൗജന്യ പാർക്കിങ് ഏരിയകളുമായി റിയാദ് പാർക്കിങ്; ഫെബ്രുവരി 15 മുതൽ നിലവിൽ വരും
വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് അതിക്രമിച്ച് കയറുന്നത് തടയുന്നതിനാണ് ഈ പദ്ധതി

റിയാദ്: റിയാദിൽ മൂന്ന് ഏരിയകളിൽകൂടി സൗജന്യ പാർക്കിങ് സംവിധാനവുമായി റിയാദ് പാർക്കിങ്. കിങ് സൽമാൻ, കിങ് അബ്ദുല്ല, അൽ മുഹമ്മദിയ്യ എന്നീ പ്രദേശങ്ങളിലാണ് ഫെബ്രുവരി 15 മുതൽ നിയന്ത്രിത പാർക്കിങ് സംവിധാനം വരുന്നത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് അതിക്രമിച്ച് കയറുന്നത് തടയുന്നതിനുമാണ് ഈ പദ്ധതി.
നേരത്തെ ഈ പദ്ധതി നടപ്പിലാക്കിയ അൽ വുറൂദ്, അൽ റഹ്മാനിയ, അൽ മുറൂജ്, അൽ ഉല, അൽ സുലൈമാനിയ എന്നീ പ്രദേശങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 40,000-ത്തിലധികം റെസിഡൻഷ്യൽ,വിസിറ്റർ പെർമിറ്റുകൾ ഇതിനോടകം തന്നെ അധികൃതർ അനുവദിച്ചിട്ടുണ്ട്. അശാസ്ത്രീയമായ പാർക്കിംഗ് ഒഴിവാക്കാനും നഗരഭംഗി നിലനിർത്താനും ഈ സംവിധാനം സഹായിച്ചതായി റിയാദ് പാർക്കിങ് അധികൃതർ വ്യക്തമാക്കി.
പുതുതായി ഈ സംവിധാനം വരുന്ന മൂന്ന് ഏരിയകളിലെയും താമസക്കാർക്കും അവരുടെ സന്ദർശകർക്കും പാർക്കിങ് പൂർണമായും സൗജന്യമായിരിക്കും. സന്ദർശകർക്കായി പ്രത്യേക പെർമിറ്റുകൾ നൽകാൻ താമസക്കാർക്ക് സാധിക്കും. താമസക്കാരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് ഒരു വർഷം കാലാവധിയുള്ള സൗജന്യ റെസിഡൻഷ്യൽ പെർമിറ്റുകൾ ലഭിക്കും. ഇത് റിയാദ് പാർക്കിങ് ആപ് വഴി പുതുക്കാവുന്നതാണ്.
Adjust Story Font
16

