ബന്ധം പുനസ്ഥാപിക്കാൻ റഷ്യയും യു.എസും; റിയാദിൽ ഉന്നതതല കൂടിക്കാഴ്ചക്ക് തുടക്കം
യുക്രൈൻ യുദ്ധത്തോടെ സങ്കീർണമായ യുഎസ് റഷ്യ ബന്ധം പുനസ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം

റിയാദ്: യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തി യുഎസും റഷ്യയും. സൗദിയുടെ മധ്യസ്ഥതയിൽ റിയാദിലെ ദിരിയ്യ പാലസിൽ ആരംഭിച്ച ആദ്യ ദിന കൂടിക്കാഴ്ച പൂർത്തിയായി. സങ്കീർണമായ റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കലും യുക്രൈൻ യുദ്ധം അവസാനിപ്പിക്കലുമാണ് അജണ്ടകൾ. ഈ മാസാവസാനം സൗദിയിൽ നടക്കേണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് റിയാദിലെ ചർച്ച. റിയാദിൽ സൗദി കിരീടാവകാശിയുടെ ക്ഷണ പ്രകാരം യുഎസ് റഷ്യൻ ഉന്നത സംഘം ഇന്നലെ എത്തിയിരുന്നു. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാൾട്ട്സ്, പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരുണ്ട്. റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, വിദേശ കാര്യ നയ ഉപദേഷ്ടാവ് യൂറി ഉഷകോവ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. യുക്രൈൻ യുദ്ധത്തോടെ സങ്കീർണമായ യുഎസ് റഷ്യ ബന്ധം പുനസ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. യുക്രൈൻ ആക്രമണത്തിനെതിരെ റഷ്യക്ക് മേലെ യുഎസ് നടപ്പാക്കിയ ഉപരോധം അവസാനിപ്പിക്കലും ചർച്ചയിലുണ്ട്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയവും യോഗത്തിൽ തയ്യാറാക്കുമെന്നാണ് കരുതുന്നത്. ആദ്യ ഘട്ട ചർച്ച ഇന്ന് പൂർത്തിയായിട്ടുണ്ട്. യുക്രൈനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അജണ്ട അറിയില്ലെന്നും പ്രസിഡണ്ട് വ്ളാദ്മിൻ സെലൻസ്കി ഇന്ന് പറഞ്ഞിരുന്നു. ഇതോടൊപ്പം യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായുള്ള യുഎസ് നീക്കം ശരിയല്ലെന്ന നിലപാടിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഈ വിവാദത്തിന് പിന്നാലെ യുഎസിന്റെ യുക്രൈൻ ദൂതൻ കൈത്ത് കെല്ലോഗ് നാളെ യുക്രൈനിലെത്തി ചർച്ച നടത്തും. വെടിനിർത്തലിലേക്ക് നീങ്ങിയാൽ യുക്രൈന് സുരക്ഷാ പിന്തുണയുണ്ടാകുമോ എന്ന് യൂറോപ്യൻ യൂണിയൻ യുഎസിനോട് ചോദിച്ചിട്ടുണ്ട്. ഒരു വിഷയങ്ങളും ചർച്ച ചെയ്യാതിരിക്കില്ല എന്നാണ് റഷ്യയുടെ പ്രതികരണം. ഇന്ന് സൗദി വിദേശ കാര്യ മന്ത്രിയുടെ മധ്യസ്ഥതയിലാണ് കൂടിക്കാഴ്ചയും ചർച്ചയും. ഇപ്പോൾ പുരോഗമിക്കുന്ന യോഗം ട്രംപിന്റേയും പുടിന്റെയും കൂടിക്കാഴ്ചക്ക് റിയാദിൽ വഴിയൊരുക്കും. സൗദി അറേബ്യ ആഗോള രാഷ്ട്രീയ വിഷയങ്ങളിൽ നേതൃത്വം ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം നടത്തിയത്. ഗസ്സ വിഷയത്തിലും ഇരു രാജ്യങ്ങളും സൗദിയുമായി ചർച്ച നടത്തുന്നുണ്ട്.
Adjust Story Font
16

