എൻജിനീയർമാർക്കും മാനേജർമാർക്കും ഇനി സൗദിയിൽ രക്ഷയില്ലേ? കൂടുതൽ സ്വദേശിവൽക്കരണം പ്രഖ്യാപിച്ച് രാജ്യം
മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് പുതിയ നിബന്ധന ബാധകമാകുന്നത്

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിലെ പ്രൊജക്റ്റ് മാനേജ്മെന്റ് തസ്തികകളിൽ സ്വദേശിവൽക്കരണ നിരക്ക് 70 ശതമാനമായി ഉയർത്താൻ തീരുമാനം. 2027 ഫെബ്രുവരി 14 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരികയെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിിയിച്ചു. മുനിസിപ്പാലിറ്റീസ് ആന്റ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ചാണ് ഈ സുപ്രധാന മാറ്റം നടപ്പിലാക്കുന്നത്. ഉയർന്ന തൊഴിൽ മേഖലകളിൽ സ്വദേശി പ്രാവീണ്യം വർധിപ്പിക്കാനും തൊഴിൽ വിപണിയിൽ സൗദി പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നടപടി.
പ്രൊജക്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് പുതിയ നിബന്ധന ബാധകമാകുന്നത്. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് പ്രകാരം പ്രൊജക്റ്റ് മാനേജ്മെന്റ് ഡയറക്ടർ, പ്രൊജക്റ്റ് മാനേജ്മെന്റ് എൻജിനീയർ, പ്രൊജക്റ്റ് മാനേജ്മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രധാന തസ്തികകളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. നിശ്ചിത തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് 70 ശതമാനം ക്വാട്ട കണക്കാക്കുക. പ്രൊജക്റ്റ് രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയവും ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നതിനായുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്വദേശിവൽക്കരണ അനുപാതം തിട്ടപ്പെടുത്തുന്ന വിധം, പരിധിയിൽ വരുന്ന ജോലികൾ, പാലിക്കേണ്ട നിയമപരമായ നിബന്ധനകൾ എന്നിവ ഇതിൽ വ്യക്തമാക്കുന്നുണ്ട്. സ്ഥാപന ഉടമകൾക്കും കമ്പനികൾക്കും ചട്ടങ്ങൾ കൃത്യമായി മനസ്സിലാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Adjust Story Font
16

