ഗസ്സയ്ക്കുള്ള സൗദിയുടെ സഹായം തുടരുന്നു; 60ാമത് വിമാനം ഈജിപ്തിൽ
കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ കീഴിലാണ് സഹായം

ജിദ്ദ: ഗസ്സയ്ക്ക് സൗദിയുടെ കൂടുതൽ സഹായഹസ്തം. അവശ്യവസ്തുക്കളുമായി 60ാമത്തെ വിമാനം ഈജിപ്തിലെത്തി. കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ കീഴിലാണ് സഹായവിതരണം. യുദ്ധക്കെടുതിയും കൊടുംപട്ടിണിയും കൂടുതൽ രൂക്ഷമാകരുന്ന സാഹചര്യത്തിലാണ് ഗസ്സയിലെ ജനങ്ങൾക്കുള്ള സൗദിയുടെ സഹായം. അവശ്യവസ്തുക്കളുമായി 60ാമത്തെ വിമാനം കഴിഞ്ഞ ദിവസമാണ് ഈജിപ്തിലെ അൽ അറീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങി അടിയന്തര ആവശ്യങ്ങളുള്ള വസ്തുക്കളാണ് എത്തിക്കുന്നത്. ഗസ്സയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ പദ്ധതികൾ സൗദി നടപ്പാക്കുന്നുണ്ട്. അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് 90.35 മില്യൺ ഡോളറിന്റെ കരാറുകൾ ഒപ്പുവച്ചു.
അടച്ചിട്ട അതിർത്തി കടന്നുള്ള സഹായവിതരണം മറികടക്കാൻ ജോർദാനുമായി സഹകരിച്ച് വ്യോമമാർഗ്ഗവും സഹായം എത്തിക്കും. ഓരോ വിമാനത്തിലും 35 ടൺ വീതം അവശ്യ സാധനങ്ങളാണ് ഈജിപ്ത് വഴി ഗസ്സയിലേക്ക് എത്തിക്കുക. സൗദി ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും പ്രത്യേക നിർദേശപ്രകാരം കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ കീഴിലാണ് സഹായ പദ്ധതികൾ നടപ്പാക്കുന്നത്.
Adjust Story Font
16

