സൗദി 2026 ദാകാർ റാലിക്ക് ഇനി ദിവസങ്ങൾ; ജനുവരി 3 മുതൽ 17 വരെയാണ് റാലി
69 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 812 മത്സരാർഥികൾ

റിയാദ്: ലോകത്തിലെ ഏറ്റവും കടുപ്പമേറിയതും പ്രശസ്തവുമായ റാലി ഇവന്റുകളിലൊന്നായ സൗദി അറേബ്യ 2026 ദാകാർ റാലിക്ക് ഇനി ദിവസങ്ങൾ. രാജ്യം ആതിഥേയത്വം വഹിക്കുന്ന തുടർച്ചയായ ഏഴാമത്തെ പതിപ്പ് ആരംഭിക്കാൻ ഒരു മാസത്തിൽ താഴെ ദിനങ്ങൾ മാത്രമാണ് ബാക്കി. ജനുവരി 3 മുതൽ 17 വരെയാണ് റാലി. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനാണ് റാലി സംഘടിപ്പിക്കുന്നത്. കായിക മന്ത്രാലയത്തിന്റെ മേൽനോട്ടവും സൗദി മോട്ടോർസ്‌പോർട്ട് കമ്പനിയുടെ പിന്തുണയും റാലിക്കുണ്ട്.
വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതാണ് മത്സരത്തിന്റെ പുതിയ റൂട്ട്. അതിനാൽ മത്സരാർത്ഥികൾക്ക് രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യം, ഭൂപ്രകൃതികൾ, ചരിത്ര സ്ഥലങ്ങൾ എന്നിവ അനുഭവിക്കാൻ അവസരം ലഭിക്കും. സൗദി ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായിരിക്കും ഇനി നടക്കാനിരിക്കുന്ന റാലി. 69 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 812 മത്സരാർത്ഥികൾ റാലിക്കെത്തും. അൾട്ടിമേറ്റ് ബി, അൾട്ടിമേറ്റ്, സ്റ്റോക്ക്, ചാലഞ്ചർ, സൈഡ്-ബൈ-സൈഡ്, ട്രക്കുകൾ, മോട്ടോർബൈക്കുകൾ, ക്വാഡ് ബൈക്കുകൾ എന്നീ എട്ട് വിഭാഗങ്ങളിലായി 433 വാഹനങ്ങൾ മത്സരിക്കും. മൊത്തം 7,999 കിലോമീറ്ററാണ് റാലി. ഇതിൽ 4,845 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക സ്റ്റേജുകളായിരിക്കും.
Adjust Story Font
16

