Quantcast

യമന് 130 കോടി റിയാലിന്റെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ

യമനിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും മറ്റ് ദൈനംദിന ഭരണച്ചെലവുകൾക്കുമായാണ് പ്രധാനമായും ഈ തുക വിനിയോഗിക്കുക

MediaOne Logo

Web Desk

  • Published:

    26 Feb 2026 8:08 PM IST

യമന് 130 കോടി റിയാലിന്റെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ
X

റിയാദ്: യമനിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി 130 കോടി റിയാലിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശപ്രകാരമാണ് ഈ വൻതുക കൈമാറുന്നത്. യമനിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും മറ്റ് ദൈനംദിന ഭരണച്ചെലവുകൾക്കുമായാണ് പ്രധാനമായും ഈ തുക വിനിയോഗിക്കുക. സൗദി ഡെവലപ്മെന്റ് ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമൻ വഴിയാണ് സഹായം ലഭ്യമാക്കുന്നത്. യമന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഈ നീക്കം വലിയ കരുത്താകും. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സൗദിയുടെ ഈ ഉദാരമായ നടപടിയെ യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് അൽ അലിമി നന്ദിയോടെ സ്മരിച്ചു. യമൻ ജനതയോടുള്ള സൗദിയുടെ സാഹോദര്യത്തിന്റെയും കരുതലിന്റെയും തെളിവാണ് ഈ സഹായമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക തകർച്ച നേരിടുന്ന ഈ ഘട്ടത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ ഈ തുക സഹായിക്കും. യമന്റെ സുസ്ഥിരമായ ഭാവിയിലേക്കുള്ള യാത്രയിൽ സൗദി അറേബ്യയുമായുള്ള പങ്കാളിത്തം ഒരു തന്ത്രപ്രധാനമായ ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാമ്പത്തിക പിന്തുണയിലൂടെ യമനിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താനും പൊതുസേവനങ്ങൾ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story