Quantcast

സൗദിയുടെ പുതിയ നിക്ഷേപമന്ത്രി നിയമനം; 100 ബില്യൺ ‌വിദേശനിക്ഷേപത്തിലേക്ക് കുതിക്കാനെന്ന്‌ റിപ്പോർട്ടുകൾ

നിയുക്ത മന്ത്രി ഫഹദ് അൽ സൈഫ് ‌PIF നയതന്ത്ര ഉദ്യോഗസ്ഥനാണ്

MediaOne Logo

Web Desk

  • Published:

    13 Feb 2026 6:33 PM IST

Saudi Arabia appoints new investment minister; reports suggest it will jump to 100 billion foreign investment
X

റിയാദ്: നൂറ് ബില്യൺ വിദേശനിക്ഷേപമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കാനാണ് സൗദിയിൽ പുതിയ നിക്ഷേപമന്ത്രിയായി ഫഹദ് ബിൻ അബ്ദുൽ ജലീൽ അൽ സൈഫിനെ നിയമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ. രാജകീയ ഉത്തരവിലൂടെയാണ് നിയമനം. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുൻ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹിനെ സഹമന്ത്രിയും കാബിനറ്റ് അംഗവുമായും നിയമിച്ചു. ഈ മാറ്റം സൗദിയുടെ വിഷൻ 2030 പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു.

എഐ ഉൾപ്പെടെ വൈവിധ്യമാർന്ന മേഖലവഴി വരുമാനം സൃഷ്ടിക്കലും നീക്കത്തിന്റെ ലക്ഷ്യമാണ്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അഥവാ (PIFന്റെ) പ്രധാന ഉദ്യോഗസ്ഥനാണ് നിയുക്ത മന്ത്രിയായ ഫഹദ് അൽ സൈഫ്. 2024 മുതൽ PIF-ലെ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജി ആന്റ് ഇക്കണോമിക് സ്റ്റഡീസ് വിഭാഗത്തിന്റെ തലവനാണ്. 2021 മുതൽ ഗ്ലോബൽ ക്യാപിറ്റൽ ഫിനാൻസിന്റെ മേധാവിയായും തുടരുന്നു. PIF-ൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം നാഷണൽ ഡെബ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവായിരുന്നു. ഒപ്പം, സൗദി ധനമന്ത്രിയുടെ ഉപദേശകനായും പ്രവർത്തിച്ചു. നിയോം ഉൾപ്പെടെ വിവിധ ബോഡികളിലെ അംഗം കൂടിയാണ്.

ബാങ്കിങ് മേഖലയിൽ നിരവധി മുതിർന്ന പദവികൾ ഉണ്ടായിരുന്നു. സൗദി ബ്രിട്ടീഷ് ബാങ്കിലും എച്ച്എസ്ബിസിയിലും പ്രധാന റോളുകൾ വഹിച്ചു. കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറൽസിലായിരുന്നു പഠനം. ഈ നിയമനം സൗദിയുടെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് പുതിയ ഊർജം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിയുടെ നിയമനമെന്നത് ശ്രദ്ധേയമാണ്. പിഐഎഫിന് കീഴിൽ റിയൽ എസ്റ്റേറ്റിൽ നിന്നും മാറി വിവിധ മേഖലകളിലെ വരുമാനം വർധിപ്പിക്കാൻ ഊർജിത നീക്കം നടക്കുമ്പോഴാണ് മാറ്റം.

TAGS :

Next Story