ഉംറ വിസ നിയമങ്ങളിൽ മാറ്റം; സൗദിയിൽ പ്രവേശിക്കാനുള്ള കാലാവധി ഒരു മാസമായി കുറച്ചു
താമസ കാലാവധി 3 മാസം തുടരും

ജിദ്ദ: ഉംറ വിസ നിയമങ്ങളിൽ മാറ്റം വരുത്തി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ വിസ ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ തീർഥാടകൻ സൗദിയിൽ പ്രവേശിച്ചില്ലെങ്കിൽ വിസ റദ്ദാക്കപ്പെടും. അതേസമയം സൗദിയിൽ പ്രവേശിച്ച ശേഷം മൂന്നു മാസം വരെ തീർഥാടകന് തങ്ങാനാവും. നേരത്തെ ഉംറ വിസ ഇഷ്യൂ ചെയ്തതിനുശേഷം മൂന്നു മാസത്തിനകം ഉപയോഗിച്ചാൽ മതിയായിരുന്നു. അടുത്ത ആഴ്ച മുതൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
മക്കയിലെയും മദീനയിലെയും താപനില കുറയുകയും വേനൽക്കാലം അവസാനിക്കുകയും ചെയ്ത സാഹചര്യത്തിൽ ഉംറ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇരു ഹറമുകളിലെ തിരക്ക് നിയന്ത്രിക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉംറ സന്ദർശന ദേശീയ കമ്മിറ്റി ഉപദേഷ്ടാവ് അഹമ്മദ് ബജായ്ഫർ പറഞ്ഞു.
ജൂണിൽ പുതിയ ഉംറ സീസൺ ആരംഭിച്ചതിനുശേഷം വിദേശ തീർഥാടകർക്ക് നൽകിയ ഉംറ വിസകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. മുൻ സീസണുകളെ അപേക്ഷിച്ച് ഈ വർഷത്തെ ഉംറ സീസൺ അഞ്ച് മാസത്തിനുള്ളിൽ വിദേശ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
Adjust Story Font
16

