തൊഴിൽ നിയമ ലംഘനവും നിയമ വിരുദ്ധ താമസവും: 2025ൽ കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി
കണക്കുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

റിയാദ്: 2025ൽ കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദിയിൽ നിന്നാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രാജ്യസഭയിലാണ് കണക്ക് വെളിപ്പെടുത്തിയത്. റിയാദിൽ നിന്ന് 7,019 പേരെയും ജിദ്ദയിൽ നിന്ന് 3,865 പേരെയും നാടുകടത്തി. ഇങ്ങനെ ആകെ 10,884 പേരെയാണ് നാടുകടത്തിയത്.
81 രാജ്യങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള കണക്കുകൾ പഠിച്ചതിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. 2025-ൽ ആഗോളതലത്തിൽ 24,600-ലധികം ഇന്ത്യക്കാരെയാണ് നാടുകടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎസ് നടത്തിയ ഏറ്റവും ഉയർന്ന നാടുകടത്തൽ 2025-ലാണ് നടന്നത്. ഏകദേശം 3,800 ഇന്ത്യക്കാരെയാണ് ഈ വർഷം യുഎസ് നാടുകടത്തിയത്. കുടിയേറ്റക്കാർക്കെതിരെ കർശന നിലപാട് സ്വീകരിച്ചുകൊണ്ടും പ്രധാന തൊഴിൽ വിസകൾക്കെതിരെ കർശന നടപടി സ്വീകരിച്ചുകൊണ്ടും ട്രംപ് തന്റെ രണ്ടാമൂഴം ആരംഭിച്ചപ്പോഴാണ് ഇത് സംഭവിക്കുന്നത്.
അതേസമയം, യുഎഇയിൽ നിന്ന് 1,469 പേരെ തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2021 മുതൽ രാജ്യത്ത് നിന്ന് ആകെ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 4,000 ആയിട്ടുണ്ട്.
ആസ്ട്രേലിയ (34), ബഹ്റൈൻ (764), കാനഡ (188). ജോർജിയ (133), മലേഷ്യ (1,485), ഒമാൻ (16), ശ്രീലങ്ക (372), തായ്ലൻഡ് (481), യുകെ (203), മ്യാൻമർ (1591) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണക്കുകളെന്നും വിദേശകാര്യ മന്ത്രാലയം പട്ടികയിൽ പറയുന്നു. വിസ സാധുതക്ക് ശേഷം കൂടുതൽ കാലം താമസിക്കുക, പെർമിറ്റില്ലാതെ ജോലി ചെയ്യുക, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുക, വ്യാജ ജോലി വാഗ്ദാനങ്ങൾ, തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടുക, സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകൾ നേരിടുക എന്നിവയാണ് ലോകമെമ്പാടുമുള്ള നാടുകടത്തലിന് പിന്നിലെ പ്രധാന കാരണങ്ങളെന്നും അധികൃതർ വെളിപ്പെടുത്തി.
Adjust Story Font
16

