ലോകകപ്പ് പോരാട്ടത്തിന് സൗദി അറേബ്യ ഇന്ന് ഇറങ്ങുന്നു; എതിരാളികൾ ശക്തരായ യുറുഗ്വേ
സ്പെയിനിന് എതിരെയാണ് അടുത്ത മത്സരമെന്നതിനാൽ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ ഇന്നത്തെ വിജയം അനിവാര്യമാണ്

റിയാദ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തിനായി സൗദി അറേബ്യ ഇന്ന് കളത്തിലിറങ്ങുന്നു. ശക്തരായ യുറുഗ്വേയാണ് സൗദിയുടെ ഇന്നത്തെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയ്ക്കാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് എച്ചിൽ യുറുഗ്വേയ്ക്ക് പുറമെ സ്പെയിൻ, കേപ്പ് വെർഡെ എന്നിവരാണ് മറ്റ് ടീമുകൾ. ഫിഫ റാങ്കിങ്ങിൽ യുറുഗ്വേ 15-ാം സ്ഥാനത്തും സൗദി 60-ാം സ്ഥാനത്തുമാണെങ്കിലും, 2022 ലോകകപ്പിൽ കരുത്തരായ അർജന്റീനയെ അട്ടിമറിച്ച ചരിത്രം സൗദി അറേബ്യയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി എളുപ്പമാക്കാനാകും സൗദി ടീം ലക്ഷ്യമിടുന്നത്.
അടുത്ത മത്സരത്തിൽ കരുത്തരായ സ്പെയിനെയാണ് നേരിടേണ്ടത് എന്നതിനാൽ സൗദിക്ക് ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്. യുറുഗ്വേയോട് പരാജയപ്പെടുകയോ, വലിയ ഗോൾ വ്യത്യാസത്തിൽ തോൽവി വഴങ്ങുകയോ ചെയ്താൽ സൗദിയുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് അത് കനത്ത തിരിച്ചടിയാകും. സ്പെയിനോടും പരാജയപ്പെടുന്ന പക്ഷം അവസാന മത്സരത്തിൽ കേപ്പ് വെർഡെയെ വൻ മാർജിനിൽ തോൽപ്പിച്ചാലും ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താകാനുള്ള സാധ്യത കൂടും. എങ്കിലും മത്സരങ്ങൾ സമനിലയിലാക്കാനോ മികച്ച ഗോൾ വ്യത്യാസം നിലനിർത്താനോ കഴിഞ്ഞാൽ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് മുന്നേറാനുള്ള നേരിയ അവസരം സൗദിക്ക് ലഭിച്ചേക്കാം. ജൂൺ 21-ന് സ്പെയിനുമായും ജൂൺ 26-ന് കേപ്പ് വെർഡെയുമായാണ് സൗദിയുടെ അടുത്ത മത്സരങ്ങൾ.
Adjust Story Font
16

