ഖനന മേഖലയിൽ ഫെബ്രുവരിയിൽ മാത്രം 38 പുതിയ ലൈസൻസുകൾ അനുവദിച്ച് സൗദി അറേബ്യ

റിയാദ്: രാജ്യത്തെ സാമ്പത്തിക സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഖനന മേഖലയിൽ വൻ പദ്ധതികളുമായി സൗദി മുന്നോട്ട്. വ്യവസായ ധാതു വിഭവ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഫെബ്രുവരിയിൽ മാത്രം 38 പുതിയ ഖനന ലൈസൻസുകളാണ് മന്ത്രാലയം അനുവദിച്ചത്. ഇതിൽ നിർമ്മാണ സാമഗ്രികൾക്കായുള്ള 20 ക്വാറി ലൈസൻസുകൾ, 7 പര്യവേക്ഷണത്തിനുള്ള ലൈസൻസുകൾ, ഖനനത്തിനും ചെറുകിട ഖനികൾക്കുമായുള്ള രണ്ട് ലൈസൻസുകൾ എന്നിവ ഉൾപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഖനന മേഖലയുടെ പങ്ക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് മന്ത്രാലയം ഔദ്യോഗിക വക്താവ് ജറഹ് അൽ ജറഹ് വ്യക്തമാക്കി.
ഈ പുതിയ നീക്കത്തോടെ രാജ്യത്തെ സജീവമായ ഖനന ലൈസൻസുകളുടെ ആകെ എണ്ണം 2,963 ആയി ഉയർന്നു. നിലവിൽ അനുവദിച്ച ലൈസൻസുകളിൽ ഏറ്റവും കൂടുതൽ നിർമ്മാണ സാമഗ്രികളുമായി ബന്ധപ്പെട്ടവയാണ് (1,566 എണ്ണം). തൊട്ടുപിന്നാലെ പര്യവേക്ഷണ ലൈസൻസുകളും (1,036) ഖനന ലൈസൻസുകളും നിലവിലുണ്ട്. ഖനനം ചെയ്യുന്ന ധാതുക്കളുടെ സ്വഭാവമനുസരിച്ച് 10 മുതൽ 30 വർഷം വരെ കാലാവധിയുള്ള വിവിധ വിഭാഗങ്ങളിലായാണ് ഈ അനുമതികൾ നൽകുന്നത്.
Adjust Story Font
16

