ടൂറിസം മേഖലയിൽ കൂടുതൽ സ്വദേശിവൽകരണം നടപ്പാക്കാൻ സൗദി
എല്ലാ ടൂറിസം ഹോസ്പിറ്റാലിറ്റി സേവനങ്ങളിലും ഇനി ജോലി സമയത്ത് ഒരു സൗദി റിസപ്ഷനിസ്റ്റ് നിർബന്ധം

റിയാദ്: സൗദിയുടെ ടൂറിസം മേലയെ കൂടുതൽ സ്വദേശിവൽകരിക്കുന്നതിനായി പുതിയ നയങ്ങൾ പുറപ്പെടുവിച്ച് ടൂറിസം മന്ത്രാലയം. പുതിയ നിർദേശ പ്രകാരം എല്ലാ ടൂറിസം ഹോസ്പിറ്റാലിറ്റി സേവനങ്ങളിലും ഇനി ജോലി സമയത്ത് ഒരു സൗദി റിസപ്ഷനിസ്റ്റ് ഉണ്ടായിരിക്കണം. സ്ഥാപനങ്ങൾ ജോലി ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരെയും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. ജീവനക്കാരുടെ കരാറുകൾ അജീർ പ്ലാറ്റ്‌ഫോം വഴിയോ മറ്റ് അംഗീകൃത പ്ലാറ്റ്‌ഫോമുകൾ വഴിയോ രേഖപ്പെടുത്തണം.
സൗദിവൽകരണ നിയമങ്ങൾ ഉൾക്കൊള്ളുന്ന ജോലികളിൽ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളോ തൊഴിലാളികളോ ഉണ്ടാകാൻ പാടില്ല. ടൂറിസം മന്ത്രാലയം അല്ലെങ്കിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ലൈസൻസ് ചെയ്ത സ്ഥാപനങ്ങൾ വഴി മാത്രമേ ഔട്ട്സോഴ്സിംഗ് അനുവദിക്കൂ. നിയമങ്ങൾ ലംഘിക്കുന്നവർ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ നീക്കം ഗുണകരമാകുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യം, ടൂറിസം മേഖലയിലെ സൗദി ജീവനക്കാർക്കുള്ള വേതന സബ്‌സിഡികൾ 30 ശതമാനത്തിൽ നിന്ന് 50 ശതമാനമായി മന്ത്രാലയം ഉയർത്തുകയും, ടൂറിസവുമായി ബന്ധപ്പെട്ട 43 തൊഴിലുകൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.
Adjust Story Font
16

