ബുഡാപെസ്റ്റിലെ 'IAACA' യൂറോപ്യൻ റീജിയണൽ കോൺഫറൻസിൽ സൗദി പങ്കെടുത്തു
ആന്റി കറപ്ഷൻ അതോറിറ്റി പ്രസിഡന്റ് മാസെൻ അൽ കഹ്മൂസിൻ്റെ നേതൃതത്വത്തിലാണ് സൗദി പങ്കെടുത്തത്

റിയാദ്: ഹംഗറിയിലെ ബുഡാപെസ്റ്റിൽ വെച്ച് നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ആന്റി-കറപ്ഷൻ അതോറിറ്റീസിന്റെ പ്രഥമ യൂറോപ്യൻ റീജിയണൽ കോൺഫറൻസിൽ സൗദി അറേബ്യ പങ്കെടുത്തു. ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി പ്രസിഡന്റ് മാസെൻ അൽ കഹ്മൂസിൻ്റെ നേതൃതത്വത്തിലാണ് സൗദി പങ്കെടുത്തത്. സുതാര്യത, ഉത്തരവാദിത്തം, അന്താരാഷ്ട്ര സഹകരണം എന്നിവയിലാണ് സൗദി അറേബ്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അൽ-കഹ്മൂസ് ഊന്നിപ്പറഞ്ഞു. അഴിമതിയെ വസ്തുനിഷ്ഠമായി അളക്കുന്നതിനുള്ള ഡാറ്റ ശേഖരിക്കുന്നതിനായി സൗദി നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അഴിമതി അളക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളെ പിന്തുണക്കാൻ അദ്ദേഹം IAACA എക്സിക്യൂട്ടീവ് കമ്മിറ്റിയോട് അഭ്യർഥിക്കുകയും ഗ്ലോബ് നെറ്റ്‌വർക്ക് പോലുള്ള ആഗോള സംവിധാനങ്ങളിൽ സൗദിയുടെ പങ്കാളിത്തത്തെ പ്രശംസിക്കുകയും ചെയ്തു.
2027 ലെ IAACA മീറ്റിങിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ അഭ്യർത്ഥന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. അഴിമതിക്കെതിരെയുള്ള സൗദിയുടെ പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള വിശ്വാസമാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. അഴിമതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം, ഏകീകൃത അഴിമതി വിരുദ്ധ നിയമനിർമാണം രൂപീകരിക്കൽ, അതിർത്തി കടന്നുള്ള വിവര കൈമാറ്റത്തിന്റെ പ്രാധാന്യം എന്നിവയുൾപ്പെടെയുള്ള പുതിയ വെല്ലുവിളികൾ ബുഡാപെസ്റ്റ് സമ്മേളനത്തിൽ ചർച്ചയായി.
Adjust Story Font
16

