Quantcast

യമൻ വിദ്യാഭ്യാസ മേഖലയ്ക്ക് 3 കോടി ഡോളർ സഹായവുമായി സൗദി

റിയാദ് ഡെവലപ്മെന്റ് ഫിനാൻസ് കോൺഫറൻസിലാണ് ധാരണ

MediaOne Logo

Mufeeda

  • Published:

    11 Dec 2025 9:14 PM IST

Saudi Arabia provides $30 million in aid to Yemens education sector
X

റിയാദ്: യമനിലെ വിദ്യാഭ്യാസ മേഖലയ്ക്ക് 3 കോടി ഡോളർ സഹായം നൽകുമെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. വിദ്യാഭ്യാസ നിലവാരം ഉയർത്താനും അധ്യാപക പരിശീലനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് സഹായം. യമൻ വിദ്യാഭ്യാസ മന്ത്രാലയം, യുനെസ്കോ, ഗ്ലോബൽ പാർട്ണർഷിപ് ഫോർ എഡ്യുക്കേഷൻ എന്നിവയുമായി ചേർന്ന് സൗദി പ്രോഗ്രാം ഫോർ ഡെവലപ്മെന്റ് ആന്റ് റീകൺസ്ട്രക്ഷൻ ഓഫ് യമൻ (SDRPY) ആണ് തന്ത്രപരമായ സഹകരണ കരാറിൽ ഒപ്പുവെച്ചത്.

4 കോടി ഡോളർ മൂല്യമുള്ള നൂതന വികസന ധനസഹായ മാതൃകയാണ് ഈ കരാർ പ്രകാരം നടപ്പാക്കുക. ഇതിൽ 3 കോടി ഡോളർ സൗദി പ്രോഗ്രാം നൽകുമ്പോൾ 1 കോടി ഡോളർ ഗ്ലോബൽ പാർട്ണർഷിപ് ഫോർ എ‍ഡ്യുക്കേഷൻ വഹിക്കും. വിദ്യാഭ്യാസ ഇടപെടലുകളുടെ ​ഫലം വർധിപ്പിക്കാനും പരിധി വിപുലപ്പെടുത്താനുമാണ് ഈ സംയുക്ത സഹായം.

റിയാദ് ഡെവലപ്മെന്റ് ഫിനാൻസ് കോൺഫറൻസിലാണ് കരാറിന് ധാരണയായത്. ഇതിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകും. ഏറ്റവും ആവശ്യമുള്ള പ്രദേശങ്ങൾക്ക് മുൻഗണന നൽകിയാണ് വിദ്യാഭ്യാസ സ്ഥിരത ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും ചെയ്യുക.

സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ കെട്ടിപ്പടുക്കുന്നതിൽ വിദ്യാഭ്യാസം അടിസ്ഥാന ഘടകമാണ്. ഈ പങ്കാളിത്തം യമനിലെ ബാലികമാർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുമെന്ന് ഗ്ലോബൽ പാർട്ണർഷിപ് ഫോർ എഡ്യുക്കേഷൻ സി.ഇ.ഒ ലോറ ഫ്രിജെന്റി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളുടെയും യമനിന്റെയും യുനെസ്കോ റീജിയണൽ ഓഫീസ് ഡയറക്ടർ സലാഹ് ഖാലിദ് യമനിലെ വികസന പ്രവർത്തനങ്ങളിലുള്ള സൗദി അറേബ്യയുടെ മുൻനിര പങ്കിനെ പ്രശംസിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും രാജ്യവ്യാപകമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിലും ഈ ശ്രമങ്ങൾ വലിയ സംഭാവന നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

11 യമൻ ഗവർണറേറ്റുകളിലായി 56 വിദ്യാഭ്യാസ പദ്ധതികളും സംരംഭങ്ങളും നടപ്പാക്കി സൗദി പ്രോഗ്രാം ഇതിനകം പൊതു-ഉന്നത വിദ്യാഭ്യാസം, സാങ്കേതിക-തൊഴിൽ പരിശീലന മേഖലകൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. ആരോഗ്യം, ജലം, ഊർജം, ഗതാഗതം, വിദ്യാഭ്യാസം, കൃഷി-മത്സ്യബന്ധനം, യമൻ ​ഗവൺമെന്റ് ശേഷി വികസനം തുടങ്ങിയ 8 പ്രധാന മേഖലകളിലായി മൊത്തം 268 വികസന പദ്ധതികളും സംരംഭങ്ങളും സൗദി പ്രോഗ്രാം നടപ്പാക്കിയിട്ടുണ്ട്.

TAGS :

Next Story