Quantcast

കിങ്ഡം ഓഫ് ഹാപ്പിനെസ്സ്; വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ സൗദിക്ക് 22​-ാം സ്ഥാനം

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 സ്ഥാനങ്ങൾ മുന്നോട്ട് കയറിയാണ് സൗദി ഈ നേട്ടം സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    24 March 2026 12:35 PM IST

കിങ്ഡം ഓഫ് ഹാപ്പിനെസ്സ്; വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ സൗദിക്ക് 22​-ാം സ്ഥാനം
X

‌റിയാദ്: വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ സൗദി അറേബ്യക്ക് മുന്നേറ്റം. 147 രാജ്യങ്ങളുടെ പട്ടികയിൽ 22-ാം സ്ഥാനത്താണ് രാജ്യം ഇത്തവണ ഇടംപിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 സ്ഥാനങ്ങൾ മുന്നോട്ട് കയറിയാണ് സൗദി ഈ നേട്ടം സ്വന്തമാക്കിയത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ വെൽബീയിംഗ് റിസർച്ച് സെന്ററും ഗാലപ് ഇന്റർനാഷണലും ചേർന്നാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

ജീവിതനിലവാര സൂചികയിൽ 10 ൽ 6.817 എന്ന ഉയർന്ന പോയിന്റാണ് സൗദി നേടിയത്. ടൂറിസം, വിനോദം, കായികം എന്നീ മേഖലകളിൽ സൗദി നടപ്പിലാക്കിയ സമഗ്രമായ മാറ്റങ്ങളാണ് നേട്ടത്തിന് പിന്നിൽ. എല്ലാ വർഷവും മാർച്ച് 20 ന് വേൾഡ് ഹാപ്പിനെസ്സ് ഡേയോടനുബന്ധിച്ചാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 140 ലധികം രാജ്യങ്ങളിലെ വ്യക്തികളുടെ സംതൃപ്തി അളക്കുന്ന സർവേകളെ അടിസ്ഥാനമാക്കിയാണിത്. പ്രതിശീർഷ ആഭ്യന്തര ഉൽപാദനം, സാമൂഹിക പിന്തുണ, ആയുർദൈർഘ്യം, തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതി നിർമാർജനത്തിലെ പുരോഗതി എന്നിവയാണ് റിപ്പോർട്ട് തയാറാക്കുന്നതിലെ പ്രധാന ഘടകങ്ങൾ.

പട്ടികയിൽ അമേരിക്ക (23-ാം സ്ഥാനം), കാനഡ (25-ാം സ്ഥാനം), ബ്രിട്ടൻ (29-ാം സ്ഥാനം) എന്നീ രാജ്യങ്ങളെ പിന്നിലാക്കിയാണ് സൗദിയുടെ മുന്നേറ്റം എന്നതും ശ്രദ്ധേയമാണ്. അതേസമയം, തുടർച്ചയായ ഒൻപതാം വർഷവും ഫിൻലൻഡ് പട്ടികയിൽ ഒന്നാമതെത്തി. ഐസ്‌ലൻഡ്, ഡെന്മാർക്ക് എന്നിവയാണ് രണ്ടും, മൂന്നും സ്ഥാനത്തുള്ള രാജ്യങ്ങൾ.

TAGS :

Next Story