Quantcast

ഗസ്സയിൽ 'റിയാദ് മോഡൽ സ്കൂൾ’ ഒരുക്കാൻ സൗദി

കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം പുനരാരംഭിക്കുകയാണ് ലക്ഷ്യം

MediaOne Logo

Gulf Desk

  • Published:

    5 Oct 2026 5:30 PM IST

ഗസ്സയിൽ റിയാദ് മോഡൽ സ്കൂൾ’ ഒരുക്കാൻ സൗദി
X

റിയാദ്: ഗസ്സയിലെ ദെയർ അൽ ബലാഹിൽ റിയാദ് മോഡൽ സ്കൂൾ സ്ഥാപിക്കാൻ ഒരുങ്ങി സൗദി കിങ് സൽമാൻ റിലീഫ് സെന്റർ. സൗദി ഹെറിറ്റേജ് ആൻഡ് കൾച്ചർ സെന്ററുമായി സഹകരിച്ചാണ് സ്കൂൾ പ്രവർത്തിക്കുക. ​ഗസ്സയിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പുനരാരംഭിക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള 720 വിദ്യാർഥികൾക്ക് ഇവിടെ പഠിക്കാനാകും. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദിവസവും രണ്ട് ഷിഫ്റ്റുകളിലായിരിക്കും ക്ലാസുകൾ നടത്തുക.

സ്കൂളിന്റെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പ്രവർത്തന-സാങ്കേതിക സംവിധാനങ്ങളും വികസിപ്പിക്കും. ക്ലാസ് മുറികൾ, ഫർണിച്ചർ, പഠനോപകരണങ്ങൾ എന്നിവ സജ്ജീകരിക്കുകയും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്യും. കുടിവെള്ളം, മലിനജല നിർമാർജനം, സോളാർ സംവിധാനം, ഇന്റർനെറ്റ്, വെന്റിലേഷൻ, നിരീക്ഷണ ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹിക സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ഇതിനായി വിദഗ്ധരുടെ നേതൃത്വത്തിൽ വ്യക്തിഗതവും കൂട്ടായതുമായ കൗൺസലിങ് സെഷനുകൾ സംഘടിപ്പിക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള വിനോദ-വിദ്യാഭ്യാസ പരിപാടികളും ഇതോടൊപ്പം നടത്തും. വിദ്യാഭ്യാസം, ഭരണനിർവഹണം, സേവന മേഖലകൾ എന്നിവയിൽ 22 പേർക്ക് തൊഴിൽ അവസരങ്ങളും പദ്ധതിയിലൂടെ ലഭിക്കും. യുദ്ധം ബാധിച്ച പ്രദേശങ്ങളിലെ വിദ്യാഭ്യാസ മേഖലയെ പിന്തുണയ്ക്കുന്നതിനും ഗസ്സയിലെ കുട്ടികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമുള്ള കിങ് സൽമാൻ റിലീഫ് സെന്ററിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.

TAGS :

Next Story