ഇറാന്റെ ആക്രമണത്തിൽ സൗദി അറേബ്യയിലുണ്ടായത് വൻ നാശനഷ്ടങ്ങളെന്ന് ഊർജമന്ത്രാലയം
നിലവിൽ സൗദിയിൽ നിന്നും നേരത്തയുള്ള കയറ്റുമതിയെ അപേക്ഷിച്ച് 34% കുറവ് വന്നു

റിയാദ്: ഇറാന്റെ ആക്രമണത്തിൽ സൗദി അറേബ്യയിലുണ്ടായത് വൻ നാശനഷ്ടങ്ങളെന്ന് ഊർജമന്ത്രാലയം. ആക്രമണത്തോടെ ക്രൂഡോയിൽ, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ, പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതി താൽക്കാലികമായി തടസ്സപ്പെട്ടു. ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായും ഏഴ് പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച നടന്ന വിവിധ ആക്രമണങ്ങളിലെ നാശനഷ്ടക്കണക്കാണ് സൗദി പുറത്തു വിട്ടത്.
റിയാദ്, കിഴക്കൻ പ്രവിശ്യ, യാമ്പു എന്നിവിടങ്ങളിലെ ക്രൂഡോയിൽ, പെട്രോകെമിക്കൽ, റിഫൈനറി, വൈദ്യുതി മേഖലകളിലാണ് ആക്രമണം നാശമുണ്ടാക്കിയത്. ആക്രമണത്തിൽ സൗദി എണ്ണ കമ്പനിയിലെ സുരക്ഷാ ജീവനക്കാരനായ ഒരു സൗദി പൗരൻ മരണപ്പെട്ടു. മറ്റ് ഏഴ് സൗദി ജീവനക്കാർക്ക് പരിക്കേറ്റു. ഹൊർമൂസ് തടസ്സപ്പെട്ടപ്പോൾ സൗദി എണ്ണ കയറ്റുമതി ചെയ്തത് കിഴക്കൻ പ്രവിശ്യയിൽ നിന്നും പൈപ്പ് ലൈൻ വഴി യാമ്പുവിലേക്ക് ക്രൂഡോയിൽ എത്തിച്ചാണ്.
ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ എന്ന ഈ ലൈനിലെ ഒരു പമ്പിങ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടതോടെ ദിവസേന 7 ലക്ഷം ബാരൽ കയറ്റുമതിയിൽ കുറവ് വന്നു. ഇത് ഭാഗികമായി പുനസ്ഥാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ മനീഫ അരാംകോ പ്ലാന്റിലും ആക്രമണം നടന്നു. ഇതോടെ ഇവിടെ നിന്നും പ്രതിദിന ഉത്പാദനത്തിൽ മൂന്ന് ലക്ഷം ബാരലിന്റെ കുറവുണ്ടായി. സമാനമായ നാശനഷ്ടം ഖുറൈസ് പ്ലാന്റിലുമുണ്ടായി. പ്രതിദിന ഉത്പാദനത്തിൽ മൂന്ന് ലക്ഷം ബാരലിന്റെ കുറവ് ഇവിടെയും സംഭവിച്ചു. ഫലത്തിൽ നിലവിൽ സൗദിയിൽ നിന്നും നേരത്തയുള്ള കയറ്റുമതിൽ 34% കുറവ് വന്നു.
സൗദിയിലെ പ്രധാന റിഫൈനറികളുള്ള റാസ്തനൂറ, ജുബൈലിലെ സാറ്റോർപ്, യാമ്പുവിലെ സാംറഫ്, റിയാദ് റിഫൈനറി എന്നിവിടങ്ങളിലും ആക്രമണം നടന്നു. ഇതോടെ ഇവിടെ നിന്നുള്ള റിഫൈൻഡ് ഉത്പന്നങ്ങളുടെ കയറ്റുമതിയേയു ബാധിച്ചു. ജുഐമയിലെ പ്രകൃതിവാതക പ്ലാന്റിലും ആക്രമണം കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ഓപ്പറേഷണൽ, എമർജൻസി ഇൻവെന്ററികൾ ഗണ്യമായി കുറഞ്ഞതിനാൽ വിതരണക്കുറവ് പരിഹരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പുനസ്ഥാപിക്കും വരെ ആഗോള വിപണിയിൽ ക്ഷാമം നേരിടുമെന്ന് സൗദി ഊർജമന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

