സോഷ്യൽ മീഡിയയിൽ അയൽരാജ്യത്തെ അപകീർത്തിപ്പെടുത്തിയ പൗരനെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ
കേസ് പബ്ലിക് പ്രോസിക്യൂഷന് വിട്ടു

ജിദ്ദ അയൽരാജ്യത്തെയും അതിന്റെ ഭരണനേതൃത്വത്തെയും അധിക്ഷേപിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ സംസാരിച്ച സ്വദേശി പൗരനെതിരെ ശക്തമായ നിയമനടപടികളുമായി സൗദി അറേബ്യ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ ഓഡിയോ ചർച്ചയ്ക്കിടെ ഇയാൾ സഹോദര രാജ്യത്തെ മോശമായി ചിത്രീകരിച്ച് സംസാരിച്ചതിനാണ് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ നടപടിയെടുത്തത. കഴിഞ്ഞ ജൂൺ 6 നാണ് അതോറിറ്റിയുടെ നിരീക്ഷണ വിഭാഗം ഈ നിയമലംഘനം കണ്ടെത്തിയത്. തുടർന്ന് പ്രാഥമിക അന്വേഷണങ്ങൾ പൂർത്തിയാക്കി കേസ് ജൂൺ 8ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. രാജ്യത്തെ ആന്റി-സൈബർ ക്രൈം ലോ ആറാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൗഹൃദ രാജ്യങ്ങളെയോ അവരുടെ പ്രതീകങ്ങളെയോ ഭരണാധികാരികളെയോ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്തെ നിയമപ്രകാരം കടുത്ത കുറ്റകൃത്യമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഓഡിയോ സെഷനുകൾ, വീഡിയോകൾ, എഴുത്തുകൾ എന്നിവയെല്ലാം അതോറിറ്റിയുടെ കർശനമായ നിരീക്ഷണത്തിലാണ്. മാധ്യമ മാനദണ്ഡങ്ങളും രാജ്യത്തെ നിയമങ്ങളും ലംഘിക്കുന്ന തരത്തിലുള്ള ഒരു ഉള്ളടക്കവും അനുവദിക്കില്ലെന്ന് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ ഒട്ടും മടി കൂടാതെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും, ഡിജിറ്റൽ ഇടങ്ങളിലെ ഉള്ളടക്കങ്ങൾ മാന്യവും നിയമവിധേയവുമായി നിലനിർത്താൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
Adjust Story Font
16

