സൗദിയിൽ പ്രവാസി തൊഴിലാളികളുടെ പ്രൊഫഷണൽ അക്രഡിറ്റേഷൻ പരിശോധന കർശനമാക്കി
തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കൽ ലക്ഷ്യം

റിയാദ്: സൗദി അറേബ്യയുടെ തൊഴിൽ വിപണി കാര്യക്ഷമമാക്കുന്നതിനും പ്രവാസി തൊഴിലാളികളുടെ യോഗ്യത ഉറപ്പുവരുത്തുന്നതിനുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണൽ അക്രഡിറ്റേഷൻ പരിശോധനകൾ ശക്തമാക്കി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 4,60,000 പ്രവാസി തൊഴിലാളികളുടെ പ്രൊഫഷണൽ യോഗ്യതകളും തൊഴിൽ പരിചയവും പരിശോധനയ്ക്ക് വിധേയമാക്കിയതായി മന്ത്രാലയം അറിയിച്ചു.
ലോകമെമ്പാടുമുള്ള 160ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലുകളാണ് ഈ പദ്ധതിക്ക് കീഴിൽ വരുന്നത്. സൗദി തൊഴിൽ വിപണിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക, യോഗ്യതയില്ലാത്തവർ തൊഴിൽ ചെയ്യുന്നത് തടയുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി രാജ്യത്തിനകത്തും പുറത്തുമായി 150ലധികം കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
പൂർണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയാണ് പരിശോധന നടക്കുന്നത്. ഇത് വഴി തൊഴിലാളികളുടെ യോഗ്യതകളും തൊഴിൽ പരിചയവും കൃത്യമായി ഉറപ്പുവരുത്താൻ സാധിക്കുന്നു. അപേക്ഷ നൽകി പരമാവധി 15 ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും.
ഡിജിറ്റൽ, സാംസ്‌കാരിക, വിനോദം, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ്, ഊർജ്ജം, പൊതു യൂട്ടിലിറ്റികൾ, ലോജിസ്റ്റിക്സ്, ഗതാഗതം തുടങ്ങിയ രാജ്യത്തിന്റെ സുപ്രധാന മേഖലകളിലാണ് നിലവിൽ പരിശോധന പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
Adjust Story Font
16

