സൗദിയിൽ വാണിജ്യ രജിസ്‌ട്രേഷൻ സേവനങ്ങൾ ഏഴ് ദിവസത്തേക്ക് നിർത്തിവെക്കും

റിയാദ്: സൗദിയിൽ വാണിജ്യ രജിസ്‌ട്രേഷൻ സേവനങ്ങൾ ഏഴ് ദിവസത്തേക്ക് നിർത്തിവെക്കും. മാർച്ച് 27 മുതൽ ഏപ്രിൽ 3 വരെ ആയിരിക്കും താത്കാലികമായി സേവനങ്ങൾ നിർത്തിവെക്കുക. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പരിഷ്‌കരിച്ച കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ, ട്രേഡ് നെയിം നിയമങ്ങളെ അടിസ്ഥാനമാക്കി ഡാറ്റാ ബേസുകളും, നടപടിക്രമങ്ങളും, സേവനങ്ങളും പരിഷ്‌കരിക്കാനാണ് സേവനങ്ങൾ നിർത്തലാക്കുന്നത്. പുതിയ വാണിജ്യ രജിസ്‌ട്രേഷനുകൾ ഇഷ്യൂ ചെയ്യൽ, നിലവിലുള്ളവയിൽ തിരുത്തൽ, റദ്ദ് ചെയ്യൽ, ഉടമസ്ഥാവകാശം മാറ്റൽ, കമ്പനികൾ സ്ഥാപിക്കൽ, സ്ഥാപന കരാറുകളിൽ ഭേദഗതി, ട്രേഡ് നെയിം ബുക്ക് ചെയ്യൽ എന്നീ സേവനങ്ങളാണ് നിർത്തിവെക്കുക.
അതേസമയം വ്യാപാര സ്ഥാപങ്ങൾക്കെതിരെയുള്ള പരാതി നൽകൽ, ഓഫറുകൾ പ്രഖ്യാപിക്കാനുള്ള ലൈസൻസ്, ഫ്രാഞ്ചൈസി സേവനങ്ങൾ, ബിസിനെസ്സ് സ്റ്റേറ്റ്‌മെന്റുകൾ എന്നീ സേവനങ്ങൾ മുടക്കമില്ലാതെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. സേവനങ്ങൾ താത്കാലികമായി നിർത്തുന്നതിന് മുന്നേ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Adjust Story Font
16

