'രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല, ഏത് ഭീഷണിക്കും ശക്തമായ തിരിച്ചടി'; സൗദി കിരീടാവകാശി
ഏത് കോണിൽ നിന്നുള്ള വെല്ലുവിളികളെയും ചെറുത്തുതോൽപ്പിക്കാൻ പര്യാപ്തമായ കരുത്തുറ്റ സൈനിക-മാനവ വിഭവശേഷി സൗദിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു

- Published:
1 Oct 2026 5:01 PM IST

റിയാദ്: രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ നേരിയ വിട്ടുവീഴ്ചയ്ക്കുപോലും സൗദി തയാറല്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പ്രശ്നങ്ങൾ ലഘൂകരിക്കാനും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്താനും രാജ്യം പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ സുരക്ഷയ്ക്ക് തുരങ്കംവെക്കാൻ ശ്രമിക്കുന്ന ഏത് ഭീഷണിക്കും ആക്രമണത്തിനും ശക്തമായ മറുപടി നൽകാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സൗദി ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി ശൂറാ കൗൺസിലിന്റെ ഒമ്പതാം സമ്മേളനത്തിന്റെ മൂന്നാം വർഷത്തെ നടപടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭീഷണികളെ ചെറുക്കാൻ സർവസജ്ജം
രാജ്യത്തെ കാത്തുസൂക്ഷിക്കാൻ സദാ ജാഗ്രതയോടെ നിലകൊള്ളുന്ന സേനാംഗങ്ങളെ കിരീടാവകാശി അഭിനന്ദിച്ചു. ഏത് കോണിൽ നിന്നുള്ള വെല്ലുവിളികളെയും ചെറുത്തുതോൽപ്പിക്കാൻ പര്യാപ്തമായ കരുത്തുറ്റ സൈനിക-മാനവ വിഭവശേഷി സൗദിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ഗൾഫിന്റെ സുരക്ഷയും സ്ഥിരതയും പരസ്പരം വേർതിരിക്കാനാവാത്തതാണെന്ന യാഥാർഥ്യത്തെയാണ് ഓർമിപ്പിക്കുന്നത്. ഗൾഫ് സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക സംയോജനത്തിനും സൽമാൻ രാജാവിന്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കിക്കൊണ്ട് സുഹൃദ് രാജ്യങ്ങളുമായി ചേർന്ന് സൗദി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക സമാധാനം ലക്ഷ്യമിട്ട് സൗദി, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ മക്ക സംയുക്ത പ്രതിരോധ കരാർ രൂപീകരിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
ആഗോള സഹകരണവും സമാധാനവും
ആഗോളതലത്തിൽ ഊർജ പ്രതിസന്ധി നിലനിൽക്കുമ്പോഴും അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണ വിതരണം മുടങ്ങാതെ എത്തിച്ച് ആഗോള ഊർജ സുരക്ഷയുടെ കാവലാളായി സൗദി നിലകൊണ്ടെന്ന് കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര സമുദ്രപാതകളുടെ സുരക്ഷയ്ക്കും അവയെ സാമ്പത്തിക-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാനുമായി രാജ്യം ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യത്തിന് മുൻകൈയെടുത്തു.
ഗസ്സയിൽ ഫലസ്തീൻ ജനതയ്ക്കു നേരെ ഇസ്രായേൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങളെയും അൽ-അഖ്സ പള്ളിക്കു നേരെയുള്ള കടന്നുകയറ്റങ്ങളെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കും സ്വതന്ത്ര രാഷ്ട്ര രൂപീകരണത്തിനും വേണ്ടി സൗദി എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. യമനിൽ അസ്ഥിരത വിതയ്ക്കുന്ന ഹൂതികളെ നേരിടാനും ഔദ്യോഗിക സർക്കാരിന്റെ അധികാരം തിരിച്ചുപിടിക്കാനും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം എല്ലാ പിന്തുണയും നൽകും. സുഡാന്റെ പരമാധികാരത്തിനും ജനങ്ങളുടെ സമാധാനത്തിനും സൗദി പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷ്യങ്ങൾ കൈവരിച്ച് വിഷൻ 2030
വിഷൻ 2030 പദ്ധതികൾ ആരംഭിച്ച് പത്ത് വർഷം പിന്നിടുമ്പോൾ നിശ്ചയിച്ച ലക്ഷ്യങ്ങളുടെ 93 ശതമാനവും നേടാനായതായി അദ്ദേഹം അറിയിച്ചു. സൗദി പൗരന്മാരുടെ കഠിനാധ്വാനമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. 2016നെ അപേക്ഷിച്ച് എണ്ണയിതര കയറ്റുമതിയിൽ 155 ശതമാനത്തിന്റെ വളർച്ചയുണ്ടായി. സമ്പദ്വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം 51 ശതമാനമായി ഉയർന്നു. വിതരണ ശൃംഖലയിലെ വെല്ലുവിളികളെ അതിജീവിക്കാൻ ഗതാഗത-ലോജിസ്റ്റിക്സ് മേഖലയ്ക്ക് കഴിഞ്ഞു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആഭ്യന്തര വിപണിയെ കൂടുതൽ മത്സരക്ഷമമാക്കാനുള്ള അടുത്ത അഞ്ചുവർഷ പദ്ധതികളിലേക്ക് കടന്നിരിക്കുകയാണ്. നാഷണൽ ഡെവലപ്‌മെന്റ് ഫണ്ടും വികസനത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്.
ഡിജിറ്റൽ റെഡിനസ്, ഐസിടി വികസന സൂചിക, സൈബർ സുരക്ഷ എന്നിവയിൽ സൗദി ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ഗോവ്-ടെക് മെച്യൂരിറ്റിയിൽ രണ്ടാം സ്ഥാനവും ഖനന നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ 10 രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംപിടിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ആഗോള നേതാവാകുക എന്ന ലക്ഷ്യത്തോടെ 2026നെ 'നിർമിത ബുദ്ധിയുടെ വർഷം'ആയി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ജനക്ഷേമവും സുസ്ഥിരതയും
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ മുന്നറിയിപ്പ് നൽകുന്നത് ദീർഘകാല പദ്ധതികൾ മാറ്റമില്ലാത്ത ഒന്നല്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കഴിയണമെന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക വൈവിധ്യവൽക്കരണം പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാൻ സൗദിയെ സഹായിച്ചു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ബജറ്റിൽ മുൻഗണന തുടരും. വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ ജനറൽ എജ്യുക്കേഷൻ നിയമം കൊണ്ടുവന്നു. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനൊപ്പം തൊഴിൽ വിപണിയിൽ സൗദി പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ പരിഷ്‌കാരങ്ങൾ പൗരന്മാർക്ക് സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചതായും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന വികസന പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയോടെ തുടരുമെന്നും കിരീടാവകാശി ഉറപ്പുനൽകി.
ശൂറ കൗൺസിൽ ആസ്ഥാനത്തെത്തിയ കിരീടാവകാശിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ശൂറ കൗൺസിൽ സ്പീക്കർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം അൽ ശൈഖ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഡോ. മിഷാൽ അൽ സുലാമി, അസിസ്റ്റന്റ് സ്പീക്കർ ഡോ. ഹനാൻ അൽ അഹമ്മദി, സെക്രട്ടറി ജനറൽ മുഹമ്മദ് അൽ മുതൈരി, വിവിധ സമിതി അധ്യക്ഷന്മാർ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
Adjust Story Font
16
