അഞ്ച് പുതിയ ലോജിസ്റ്റിക് പാതകളുമായി സൗദി റെയിൽവേ
ഇതിലൂടെ ചരക്ക് നീക്കത്തിനുള്ള സമയം ഗണ്യമായി കുറയും

റിയാദ്: ആഗോള വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സൗദി അറേബ്യ റെയിൽവേ അഞ്ച് പുതിയ ലോജിസ്റ്റിക് റൂട്ടുകൾ ആരംഭിച്ചു. രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അറേബ്യൻ ഗൾഫ് തുറമുഖങ്ങളെ രാജ്യത്തിന്റെ മധ്യ ഉത്തര മേഖലകളുമായും അവിടെനിന്ന് ചെങ്കടലുമായും അയൽരാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ പാതകൾ. റോഡ്, റെയിൽ ഗതാഗത സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ഇവ പ്രവർത്തിക്കുക. റിയാദ് ഡ്രൈ പോർട്ട്, ദമ്മാം, ജുബൈൽ, റാസ് അൽ ഖൈർ, അൽ ഖർജ്, ഹാഇൽ, അൽ-ഖുറയ്യാത്ത് എന്നിവിടങ്ങളിലെ ചരക്ക് യാർഡുകൾ ഉൾപ്പെടുന്ന സംയോജിത സംവിധാനത്തിലൂടെയാണ് ഈ പാതകൾ നിയന്ത്രിക്കപ്പെടുന്നത്.
പെട്രോകെമിക്കലുകളുടെയും ധാതുക്കളുടെയും നീക്കം സുഗമമാക്കുന്നതിലൂടെ പ്രാദേശിക വ്യവസായ കേന്ദ്രങ്ങളെ നേരിട്ട് അന്താരാഷ്ട്ര കപ്പൽ ചാലുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഇത് ചരക്ക് നീക്കത്തിനുള്ള സമയം ഗണ്യമായി കുറക്കും. ആയിരക്കണക്കിന് ട്രക്കുകൾ റോഡുകളിൽ നിന്ന് ഒഴിവാകാൻ ഇത് സഹായിക്കുമെന്ന് സൗദി റെയിൽവേ സി.ഇ.ഒ ബഷാർ അൽ മാലിക് പറഞ്ഞു. ഇത് റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യും.
Adjust Story Font
16

