സൗദിയുടെ ചോക്ലേറ്റ് കയറ്റുമതിയിൽ വലിയ മുന്നേറ്റം; 2025-ൽ 12,000 ടൺ ചോക്ലേറ്റ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു
48 ചോക്ലേറ്റ് ഫാക്ടറികളും, 7 മധുരപലഹാര ഫാക്ടറികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്

റിയാദ്: സൗദി അറേബ്യയിലെ ചോക്ലേറ്റ്, മധുരപലഹാര നിർമാണ മേഖല വളർന്നു വരുന്നതായി വ്യവസായ,വിഭവ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ച് അവസാനം വരെ സൗദിയിൽ 48 ചോക്ലേറ്റ് ഫാക്ടറികളും, 7 മധുരപലഹാര ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലെ ആവശ്യകതയും, ഉൽപാദന ശേഷിയും വർധിച്ചതാണ് ഈ വളർച്ചക്ക് കാരണം.
2025 ൽ സൗദിയിൽ നിന്നുള്ള ചോക്ലേറ്റ് കയറ്റുമതിയിൽ വൻ മുന്നേറ്റമാണുണ്ടായത്. ഏകദേശം 12,000 ടൺ ചോക്ലേറ്റ് ഉൽപന്നങ്ങളാണ് രാജ്യം വിദേശ വിപണികളിലേക്ക് കയറ്റി അയച്ചത്. 28.8 കോടി സൗദി റിയാൽ ഇതിന് മൂല്യം വരും. പ്രാദേശിക അന്തർദേശീയ വിപണികളിൽ സൗദി ചോക്ലേറ്റ് ഉൽപന്നങ്ങൾക്കുള്ള വർധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് കാണിക്കുന്നത്. സൗദിയിലെ ചോക്ലേറ്റ് വിപണിയുടെ വാർഷിക മൂല്യം ഏകദേശം 480 കോടി റിയാലാണ്. പ്രതിവർഷം 96,000 ടൺ ചോക്ലേറ്റാണ് രാജ്യത്ത് വിൽക്കപ്പെടുന്നത്.
ഏകദേശം 2.7 കിലോ ചോക്ലേറ്റാണ് സൗദിയിൽ ഒരാൾ വർഷത്തിൽ കഴിക്കുന്നത്. രാജ്യത്തെ ചോക്ലേറ്റ് വിപണി പ്രതിവർഷം 7 ശതമാനം എന്ന തോതിൽ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനസംഖ്യയിലുണ്ടാകുന്ന വർധനവ്, സെയിൽസ് ഔട്ട്‌ലെറ്റുകളുടെയും ഓൺലൈൻ വിപണന ശൃംഖലകളുടെയും വ്യാപനം, വൈവിധ്യമാർന്ന പുത്തൻ ചോക്ലേറ്റ് ഉൽപന്നങ്ങൾക്കായി ഉപഭോക്താക്കൾക്കിടയിൽ വർധിച്ചു വരുന്ന ആവശ്യകത എന്നിവയാണ് ഈ വളർച്ചക്ക് കാരണം.
അതേസമയം, കഴിഞ്ഞ വർഷം സൗദിയിൽ നിന്ന് 20,000 ടൺ മധുരപലഹാരങ്ങളാണ് വിദേശത്തേക്ക് കയറ്റി അയച്ചത്. ഏകദേശം 25 കോടി റിയാൽ മൂല്യമാണ് ഇതിന് കണക്കാക്കുന്നത്. ആഗോള വിപണിയിൽ സൗദി ഉൽപന്നങ്ങൾക്കുള്ള ഡിമാന്റാണ് ഇത് വ്യക്തമാക്കുന്നത്. മേഖലയിലെ ഈ വളർച്ച സൗദിയുടെ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുമുള്ള സൗദി വിഷൻ പദ്ധതികൾക്ക് വലിയ കരുത്താണ് പകരുന്നത്.
Adjust Story Font
16

