തളരാതെ അരാംകോ; സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ പൂർണശേഷി വീണ്ടെടുത്തു
ഡ്രോൺ ആക്രമണത്തെത്തുടർന്ന് പമ്പിങ് ശേഷിയിൽ 7 ലക്ഷം ബാരലിന്റെ കുറവുണ്ടായിരുന്നു

റിയാദ്: ഇറാൻ ആക്രമണങ്ങളെത്തുടർന്ന് തടസ്സപ്പെട്ട എണ്ണ വിതരണ ശൃംഖല അതിവേഗം പുനഃസ്ഥാപിച്ച് സൗദി ഊർജ മന്ത്രാലയം. രാജ്യത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിലൂടെയുള്ള പമ്പിങ് പ്രതിദിനം 70 ലക്ഷം ബാരൽ എന്ന പൂർണ ശേഷിയിലേക്ക് തിരിച്ചെത്തിയതായി മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് പൈപ്പ് ലൈനിന്റെ പമ്പിങ് ശേഷിയിൽ ഏകദേശം 7 ലക്ഷം ബാരലിന്റെ കുറവുണ്ടായിരുന്നു. എന്നാൽ അരാംകോയുടെയും രാജ്യത്തെ ഊർജ വിഭാഗത്തിന്റെയും മികച്ച ഏകോപനത്തിലൂടെ സാങ്കേതിക തടസ്സങ്ങൾ നീക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിതരണം സാധാരണ നിലയിലാക്കാൻ സാധിച്ചു.
പൈപ്പ് ലൈനിനൊപ്പം തന്നെ ഉൽപാദനം തടസ്സപ്പെട്ട മനീഫ എണ്ണപ്പാടത്തെ പ്രവർത്തനങ്ങളും പൂർണമായും പഴയപടിയായിട്ടുണ്ട്. ഇവിടെ നിന്ന് പ്രതിദിനം കുറവു വന്നിരുന്ന 3 ലക്ഷം ബാരൽ എണ്ണയുടെ ഉൽപാദനമാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്. അതേസമയം, ഖുറൈസ് എണ്ണപ്പാടത്തെ ഉൽപാദന ശേഷി പൂർണതോതിലാക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിന്റെ പൂർത്തീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും തടസ്സമില്ലാതെ എണ്ണ എത്തിക്കാനുള്ള സൗദി അറേബ്യയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ വേഗത്തിലുള്ള തിരിച്ചുവരവ്.
Adjust Story Font
16

