Quantcast

സൗദി സമ്പദ്‌വ്യവസ്ഥയിൽ പണമൊഴുക്ക് കൂടുന്നു; 3.28 ലക്ഷം കോടി റിയാലും കടന്ന് പണലഭ്യത

ഈ വർഷം ഫെബ്രുവരിയിൽ 8.4% വളർച്ച കൈവരിച്ചു

MediaOne Logo

Web Desk

  • Published:

    21 April 2026 1:50 PM IST

Saudi Arabias economic liquidity grew by 255.7 billion by the end of February
X

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക വിപണിയിലെ പണലഭ്യതയിൽ റെക്കോർഡ് വളർച്ച. 2026 ഫെബ്രുവരി അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ ആഭ്യന്തര ലിക്വിഡിറ്റിയിൽ 8.4 ശതമാനത്തിന്റെ വർധനവുണ്ടായതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതോടെ ആകെ പണലഭ്യത 3.28 ലക്ഷം കോടി റിയാലിലെത്തി. 2025-ലെ ഇതേ കാലയളവിൽ 3.033 ലക്ഷം കോടി റിയാലായിരുന്ന ലിക്വിഡിറ്റി, ഒരു വർഷത്തിനിടെ 25,570 കോടി റിയാലിലധികമാണ് വർധിച്ചത്.

ആകെ പണലഭ്യതയുടെ 45.2 ശതമാനവും ഡിമാൻഡ് ഡെപ്പോസിറ്റുകളാണ്. 1.488 ലക്ഷം കോടി റിയാലാണിത്. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്ന ഈ നിക്ഷേപങ്ങളാണ് പണലഭ്യതയിൽ മുൻപന്തിയിലുള്ളത്. ടൈം ആന്റ് സേവിങ്‌സ് നിക്ഷേപങ്ങൾ 16,710 കോടി റിയാൽ വർധിച്ച് 1.198 ലക്ഷം കോടി റിയാലിലെത്തി. വിദേശ കറൻസികളിലെ നിക്ഷേപങ്ങളും റെപ്പോ ട്രാൻസാക്ഷനുകളും ഉൾപ്പെടുന്ന ക്വാസി-മോണിറ്ററി ഡിപ്പോസിറ്റുകളിലും കാര്യമായ വർധനവുണ്ടായി.

ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ മാത്രം 7,150 കോടി റിയാലിന്റെ (2.2%) വർധനവ് പണലഭ്യതയിലുണ്ടായിട്ടുണ്ട്. വിപണിയിൽ വിനിമയം ചെയ്യപ്പെടുന്ന കറൻസി ഏകദേശം 24,800 കോടി റിയാലാണ്. ഇത് ആകെ പണലഭ്യതയുടെ 7.5 ശതമാനം വരും. സൗദിയിലെ സ്വകാര്യ മേഖലയിലെ ഉണർവും ശക്തമായ സാമ്പത്തിക പരിഷ്കരണ നടപടികളുമാണ് പണലഭ്യത ഇത്രയും വേഗത്തിൽ വർധിക്കാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

TAGS :

Next Story