Quantcast

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ ഭേദഗതിയുമായി സൗദി മന്ത്രിസഭ

നാടുകടത്തിയവർക്ക് തീർഥാടനത്തിന് മാത്രം രാജ്യത്തേക്ക് പ്രവേശിക്കാം

MediaOne Logo

Web Desk

  • Published:

    17 April 2026 9:51 PM IST

Saudi cabinet amends anti-money laundering law
X

റിയാദ്: സൗദി അറേബ്യയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ മന്ത്രിസഭ പുതിയ ഭേദഗതികൾ വരുത്തി. കുറ്റവാളികൾക്കുള്ള യാത്രാവിലക്ക്, നാടുകടത്തൽ, സ്വത്ത് കണ്ടുകെട്ടൽ എന്നിവ സംബന്ധിച്ച നിയമങ്ങളിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ ശിക്ഷാ കാലാവധിക്ക് ശേഷം സൗദിയിൽ നിന്ന് നാടുകടത്തും. ഇവർക്ക് പിന്നീട് ഹജ്ജ്, ഉംറ തീർഥാടനങ്ങൾക്കായി മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ.

ഈ കേസിൽ ജയിൽ ശിക്ഷ ലഭിക്കുന്ന സൗദി പൗരന്മാർക്ക്, അവരുടെ ശിക്ഷാ കാലാവധിക്ക് തുല്യമായ കാലം വിദേശയാത്ര നടത്തുന്നതിനും വിലക്കുണ്ടാകും. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം, വസ്തുവകകൾ, മറ്റ് ലാഭങ്ങൾ എന്നിവ കോടതി ഉത്തരവിലൂടെ കണ്ടുകെട്ടും. കുറ്റവാളിയുടെ നിയമപരമായ വരുമാനവുമായി ഒത്തുപോകാത്തതും എന്നാൽ ഉറവിടം വെളിപ്പെടുത്താൻ കഴിയാത്തതുമായ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ പബ്ലിക് പ്രോസിക്യൂഷന് അനുമതിയുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട പണം മറ്റൊരാളുടെ കൈവശമാണെങ്കിലും അത് കണ്ടുകെട്ടാൻ കോടതിക്ക് അധികാരമുണ്ട്. എന്നാൽ, ആ വ്യക്തി പണം നൽകി വാങ്ങിയതാണെന്നോ അല്ലെങ്കിൽ അതിന്റെ ഉറവിടം നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നോ തെളിയിച്ചാൽ ഇളവ് ലഭിക്കുന്നതാണ്.

TAGS :

Next Story