Quantcast

സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട: ചെമ്മരിയാടുകളുടെ രോമങ്ങൾക്കിടയിൽ ഒളിപ്പിച്ച കാപ്റ്റഗൺ ഗുളികകൾ പിടികൂടി

ഒരാഴ്ചക്കിടെ 1,600ലേറെ ലഹരിക്കടത്ത് കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്

MediaOne Logo

Web Desk

  • Published:

    9 Aug 2025 11:14 PM IST

സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട: ചെമ്മരിയാടുകളുടെ രോമങ്ങൾക്കിടയിൽ ഒളിപ്പിച്ച കാപ്റ്റഗൺ ഗുളികകൾ പിടികൂടി
X

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടികൾ തുടരുന്നു. സൗദി-ജോർദാൻ അതിർത്തിയായ അൽ ഹദീദ ചെക്ക് പോസ്റ്റിൽ വെച്ച് ചെമ്മരിയാടുകളുടെ രോമങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാല് ലക്ഷത്തിലധികം വരുന്ന കാപ്റ്റഗൺ ഗുളികകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലഹരി ഗുളികകൾ സ്വീകരിക്കാനെത്തിയ മൂന്ന് പേരെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.

സ്നിഫർ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മാരക ലഹരിവസ്തുക്കൾ കണ്ടെടുത്തത്. അറസ്റ്റിലായവർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത് അടുത്ത ദിവസങ്ങളിലായി 40-ലേറെ പേർക്ക് മയക്കുമരുന്ന് കടത്ത് കേസിൽ വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തിലാണ് പുതിയ കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.

അതിനിടെ, കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തുടനീളം 1,600ലേറെ ലഹരി-കള്ളക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തതായി സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ കര, വ്യോമ, തുറമുഖങ്ങൾ വഴിയുള്ള കടത്ത് ശ്രമങ്ങളാണ് അധികൃതർ വിഫലമാക്കിയത്. പിടിച്ചെടുത്തവയിൽ ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ഷാബു, കാപ്റ്റഗൺ ഗുളികകൾ ഉൾപ്പെടെയുള്ള 73 വിഭാഗം മയക്കുമരുന്നുകളും 882 നിരോധിത വസ്തുക്കളും ഉൾപ്പെടും.

ഇതുകൂടാതെ 2,886 പുകയില ഉത്പന്നങ്ങൾ, 45 തരം കറൻസികൾ, 4 ആയുധങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ വകുപ്പുകളുമായി സഹകരിച്ച് പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും അധികൃതർ അറിയിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അതോറിറ്റിയുടെ ഹോട്ട്ലൈൻ നമ്പറിലോ മൊബൈൽ ആപ്ലിക്കേഷനിലോ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു.

TAGS :

Next Story