Quantcast

വിശ്വാസികളുടെ ഉള്ളു നിറച്ച് കരുതലോടെ സൗദി അറേബ്യ പള്ളികളിൽ കൂടുതൽ ഇളവുകൾ നൽകി; എല്ലാം പഴയപടിയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിൽ പ്രവാസികളും

ഗൾഫ് മേഖലയിൽ ആദ്യം പള്ളികളടച്ച് കോവിഡിനെതിരെ പ്രതിരോധം തീർത്ത രാജ്യം തന്നെ പ്രോട്ടോകോൾ പാലിച്ച് പള്ളികളിൽ കൂടുതൽ ഇളവനുവദിക്കുകയാണ്

MediaOne Logo

VM Afthabu Rahman

  • Updated:

    2021-06-20 15:43:07.0

Published:

20 Jun 2021 3:34 PM GMT

വിശ്വാസികളുടെ ഉള്ളു നിറച്ച് സൗദിയിലെ പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളനുവദിച്ചു തുടങ്ങി. പള്ളികളിലെ മുസ്ഹഫുകൾ ഉപയോഗിക്കുന്നതിനും പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുമേർത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മദീനയിലെ ഖുബാ മസ്ജിദ് മുഴുസമയവും വിശ്വാസികൾക്ക് തുറന്ന് കൊടുക്കാനും മന്ത്രാലയം നിർദ്ദേശം നൽകി.


ശാരീരിക അകലം കൃത്യമായി പാലിച്ചാണ് പള്ളികളിൽ സൗദി അറേബ്യ കോവിഡ് സാഹചര്യത്തിൽ നമസ്കാരങ്ങൾ അനുവദിച്ചത്

കോവിഡ് വ്യാപനത്തെ തുടർന്ന് പള്ളികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഘട്ടം ഘട്ടമായി നീക്കി തുടങ്ങിയത്. മയ്യിത്ത് നമസ്‌കാരങ്ങൾക്ക് പള്ളികൾ അനുവദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം മതകാര്യ വിഭാഗം ഉത്തരവിറക്കിയിരുന്നു. അതിന് പിറകെയാണ് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നീക്കിയതായി അറിയിച്ചുകൊണ്ട് ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൾ ശൈഖ് സർക്കുലർ ഇറക്കിയത്.


പള്ളികളിലെ ഖുർആൻ പതിപ്പുകൾ നേരത്തെ മാറ്റിവെച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ ഒരേ ഖുർആൻ എല്ലാവരും തൊടാതിരിക്കാനുള്ള ജാഗ്രയായിരുന്നു ഇത്.

പുതിയ മാറ്റമനുസരിച്ച് ഇനി മുതൽ പള്ളികളിലെ മുസ്ഹഫുകൾ വിശ്വാസികൾക്ക് ഉപയോഗിക്കാം. എങ്കിലും സ്വന്തമായി ഖുർആൻ കൊണ്ട് വരാൻ ശ്രമിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു. കൂടാതെ രണ്ട് സ്വഫുകൾക്കിടയിൽ ഒരു സ്വഫിന്റെ അകലം പാലിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചു.


ബാങ്ക് വിളിച്ചയുടൻ തന്നെ നമസ്കാരം തുടങ്ങുന്നതായിരുന്നു കോവിഡ് സാഹചര്യത്തിലെ രീതി. ഇനി മുതൽ പഴയ രീതിയിൽ തന്നെ കൃത്യമായ ഇടവേള വെച്ച് നമസ്കാരം ആരംഭിക്കാം.

ബാങ്കിനും ഇഖാമത്തിനും ഇടയിൽ വളരെ കുറഞ്ഞ ഇടവേളയാണ് ഇപ്പോഴുള്ളത്. എന്നാൽ ഇനിമുതൽ പഴയപോലെയുള്ള സമയക്രമം പാലിക്കാം. 15 മിനുട്ടിനകം ജുമുഅ ഖുതുബയും നമസ്‌കാരവും അവസാനിപ്പിക്കണമെന്ന വ്യവസ്ഥയും റദ്ധ് ചെയ്തു.


പള്ളികളിൽ കുടിവെള്ളം നൽകുന്നത് നേരത്തെ നിർത്തി വെച്ചിരുന്നു. അത് പുനസ്ഥാപിക്കാനും അനുമതിയുണ്ട്

പള്ളികളുടെ പ്രവർത്തന സമയത്ത് സാമൂഹ്യ അകലം പാലിച്ച് കൊണ്ട് പ്രഭാഷണങ്ങളും പഠനക്ലാസുകളും സംഘടിപ്പിക്കുന്നതിനും, ശീതീകരണ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ഇനിമുതൽ വിലക്കില്ല.


വെള്ളിയാഴ്ചയിലെ ജുമുഅ പതിനഞ്ച് മിനിറ്റിനകം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയും റദ്ദ് ചെയ്തു. ഇനി നേരത്തേയുള്ള രീതിയിൽ തന്നെ ബാങ്കിന് ഒരു മണിക്കൂർ മുന്നേ പള്ളികൾ തുറക്കും

കൂടാതെ മദീനയിലെ ഖുബാ മസ്ജിദിൽ ഇന്ന് മുതൽ മുഴുസമയവും വിശ്വാസികൾക്ക് പ്രാർത്ഥനക്ക് അനുമതി നൽകാനും ഇസ്ലാമിക കാര്യ മന്ത്രാലയം നിർദ്ധേശം നൽകി.


മദീനയിൽ പ്രവാചകൻ്റെ കൈകളാൽ നിർമിച്ച ഖുബാ പള്ളി ഇനി മുഴുസമയം തുറന്നിടും. ഇവിടെയുള്ള നമസ്കാരത്തിന് ഉംറയുടെ പുണ്യമുണ്ടെന്നാണ് ഇസ്ലാമിക പാഠം

എന്നാൽ മാസ്‌ക് ധരിക്കുക, നമസ്‌കാരത്തിനെത്തുന്നവർ സ്വന്തമായി പരവതാനി കൊണ്ട് വരിക, പ്രവേശന കവാടങ്ങളിൽ തിരക്ക് കൂട്ടാതിരിക്കുക, വിശ്വാസികൾക്കിടയിൽ ഒന്നര മീറ്റർ അകലം പാലിക്കുക തുടങ്ങി പൊതുജന ആരോഗ്യ വിഭാഗം നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലുകളും കർശനമായും പാലിക്കണമെന്ന് സർക്കുലറിൽ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്.



TAGS :

Next Story