Quantcast

മക്കക്കും മദീനക്കും നേരെ ആക്രമണശ്രമങ്ങൾ; സൗദിയിലേക്ക് രണ്ട് ഡ്രോണുകൾ കൂടി, ഏദൻ വിമാനത്താവളവും ലക്ഷ്യം

യമനിൽ സംഘർഷം രൂക്ഷം; പ്രസിഡൻഷ്യൽ കൊട്ടാരവും ലക്ഷ്യമിട്ടു

MediaOne Logo

Gulf Desk

  • Published:

    31 Oct 2026 7:30 AM IST

മക്കക്കും മദീനക്കും നേരെ ആക്രമണശ്രമങ്ങൾ; സൗദിയിലേക്ക് രണ്ട് ഡ്രോണുകൾ കൂടി, ഏദൻ വിമാനത്താവളവും ലക്ഷ്യം
X

റിയാദ്/ഏദൻ: സൗദി അറേബ്യയെയും യമനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണശ്രമങ്ങൾ തുടരുന്നു. ഇസ്‍ലാമിന്‍റെ പുണ്യനഗരങ്ങളായ മക്കക്കും മദീനക്കും നേരെ ആക്രമണശ്രമങ്ങളുണ്ടായതിന് പിന്നാലെ സൗദിയുടെ ദക്ഷിണ, കിഴക്കൻ പ്രവിശ്യകളിലേക്കും ഡ്രോണുകൾ എത്തിയതായി റിപ്പോർട്ട്. ആക്രമണശ്രമങ്ങളെല്ലാം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മക്കയെ ലക്ഷ്യമിട്ട് ആക്രമണശ്രമമുണ്ടായത്. ഇതിന് പിന്നാലെ രാത്രിയിൽ മദീനക്ക് നേരെയും ഡ്രോൺ ആക്രമണശ്രമമുണ്ടായി. സൗദി സഖ്യസേന ഡ്രോൺ ആകാശത്തുവെച്ച് തകർത്തു. പുണ്യനഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും മദീനയെ ലക്ഷ്യമിട്ടത്.

ശനിയാഴ്ച പുലർച്ചെ സൗദിയുടെ ദക്ഷിണ, കിഴക്കൻ പ്രവിശ്യകളിലേക്ക് രണ്ട് ഡ്രോണുകൾ കൂടി എത്തിയതായി സഖ്യസേന അറിയിച്ചു. ഇവയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തു. എന്നാൽ ആക്രമണങ്ങളുടെ കൃത്യമായ ലക്ഷ്യങ്ങളോ നാശനഷ്ടങ്ങളോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും ആക്രമണങ്ങൾ ശക്തമാകുകയാണ്. യമന്‍റെ തെക്കൻ തുറമുഖ നഗരമായ ഏദനിലെ വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഒക്ടോബറിൽ വിമാനത്താവളത്തിന് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണിത്.

ഒക്ടോബർ 28ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിമാനത്താവളത്തെ ലക്ഷ്യമിട്ടതായി യമൻ സൈനിക വക്താവും ഗതാഗത മന്ത്രാലയവും അറിയിച്ചിരുന്നു. ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേൽക്കുകയും വിമാനത്താവളത്തിന് നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണഭീഷണി ഉയർന്നതോടെ വ്യോമഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും വർധിച്ചു. ഏദൻ വിമാനത്താവളം യമനിലെ ഹൂതി നിയന്ത്രണത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര പ്രവേശന കവാടമാണ്. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും വിദേശയാത്രകൾക്കും വിമാനത്താവളം നിർണായകമാണ്. ഏദനിലെ മആശിഖ് പ്രസിഡൻഷ്യൽ കൊട്ടാര സമുച്ചയത്തിന് നേരെയും ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായി. യമൻ സർക്കാറിന്‍റെ ആസ്ഥാനമായ കൊട്ടാര സമുച്ചയത്തെ ലക്ഷ്യമിട്ട് രണ്ട് മിസൈലുകൾ എത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ആളപായമുണ്ടായോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾക്കായി കാത്തിരിക്കുകയാണ്. ഒക്ടോബർ 15ന് മആശിഖ് കൊട്ടാരത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ കൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സിവിലിയൻ ജീവനക്കാരുമുണ്ടായിരുന്നു. പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും സുരക്ഷിതരാണെന്ന് അന്ന് സർക്കാർ അറിയിച്ചിരുന്നു.

അതേസമയം, മക്കക്കും മദീനക്കും നേരെയുണ്ടായ ആക്രമണശ്രമങ്ങളുടെ ഉത്തരവാദിത്തം ഹൂതികൾ നിഷേധിച്ചിട്ടുണ്ട്. സൗദി സഖ്യസേനയുടെ ആരോപണങ്ങൾ തള്ളിയ ഹൂതി സൈനിക വക്താവ് യഹ്‌യ സരീഅ, സൈനിക നീക്കങ്ങൾ എണ്ണശുദ്ധീകരണശാലകൾ, എണ്ണസംഭരണ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് നേരത്തെ വ്യക്തമാക്കിയത്. യമനിൽ സംഘർഷവും ഏറ്റുമുട്ടലും രൂക്ഷമായി തുടരുകയാണ്​. സൗദിയുടെ പിന്തുണയുള്ള യമൻ സർക്കാർ സേനയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടൽ വിവിധ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചെങ്കടൽ തീരവും തന്ത്രപ്രധാനമായ ബാബ്​ അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളുമാണ്​ സംഘർഷത്തിന്‍റെ പ്രധാന കേന്ദ്രങ്ങൾ. തായിസ്​ ​പ്രവിശ്യയിലാണ്​ ഏറ്റവും രൂക്ഷമായ ആക്രമണം നടക്കുന്നത്​.

TAGS :

Next Story