ലഹരിയെ തടുക്കാൻ സൗദി-യുഎഇ സംയുക്ത നീക്കം; 2 ലക്ഷത്തിലധികം ആംഫെറ്റാമിൽ ഗുളികകൾ പിടികൂടി
ഒരേ രാജ്യത്തിൽ നിന്നുള്ള അറബ് പൗരന്മാർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയുടെയും യുഎഇയുടെയും സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ശക്തമായ നീക്കത്തിനൊടുവിൽ വൻ മയക്കുമരുന്ന് കടത്ത് അട്ടിമറിച്ചു. അന്താരാഷ്ട്ര വിപണിയിൽ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 2,67,300 ആംഫെറ്റാമിൽ ലഹരി ഗുളികകളാണ് ഇരുരാജ്യങ്ങളുടെയും ലഹരിവിരുദ്ധ വിഭാഗം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘത്തിൽപെട്ട പ്രതികളെ അറസ്റ്റ് ചെയ്തതായും ഇവർ ഒരേ അറബ് രാജ്യത്തിൽ നിന്നുള്ളവരാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ നൽകിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇ നാഷണൽ ഡ്രഗ് കൺട്രോൾ ഏജൻസി ഇവരെ വലയിലാക്കിയത്. ലഹരിവസ്തുക്കൾ നിരീക്ഷിക്കുന്നതിലും പിടിച്ചെടുക്കുന്നതിലും യുഎഇയുമായി നിലവിലുള്ള ഉഭയകക്ഷി സഹകരണം ഏറെ മാതൃകാപരമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ഷൽഹൂബ് വ്യക്തമാക്കി. അതിർത്തി കടന്നുള്ള ക്രിമിനൽ ശൃംഖലകളെ നേരിടുന്നതിൽ ഇരു സഹോദര രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ഏകോപനത്തിന്റെയും സംയോജനത്തിന്റെയും തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ സുരക്ഷയെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്നുകൾ എത്തിക്കാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ എല്ലാ പദ്ധതികളെയും ശക്തമായി നേരിടുമെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. ലഹരിഗുളികകൾ വിതരണം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇരുവിഭാഗവും തമ്മിലുള്ള വിവരവിനിമയത്തിലൂടെ കള്ളക്കടത്ത് സംഘത്തെ വലയിലാക്കാൻ കഴിഞ്ഞതെന്ന് യുഎഇ നാഷണൽ ആന്റി നാർക്കോട്ടിക് ഏജൻസിയും സ്ഥിരീകരിച്ചു.
Adjust Story Font
16

