സൗദി ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസ് ഇന്ന് മുതൽ
'സമൃദ്ധിയുടെ താക്കോൽ' എന്ന പ്രമേയത്തിൽ 30 വരെയാണ് സമ്മേളനം

റിയാദ്: സൗദിയിലെ റിയാദിൽ നടക്കുന്ന ഒമ്പതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസ് ഇന്ന് മുതൽ. 'സമൃദ്ധിയുടെ താക്കോൽ' എന്ന പ്രമേയത്തിൽ ഒക്ടോബർ 30 വരെയാണ് സമ്മേളനം. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. റിയാദ് റിറ്റ്സ്‌കാൾട്ടണിലാണ് സമ്മേളനം.
സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് നടക്കുന്നത്. തുടർച്ചയായി നാലാം തവണയും മാധ്യമ പങ്കാളിയായി മീഡിയവൺ രംഗത്തുണ്ട്. മാധ്യമ പങ്കാളിയാകാനുള്ള കരാറിൽ മീഡിയവണും എഫ്ഐഐ ഇൻസ്റ്റിറ്റ്യൂട്ടും ഒപ്പുവെച്ചിരുന്നു.
സൗദിയുടെ ഏറ്റവും വലിയ പ്രീമിയം നിക്ഷേപ സമ്മേളനമാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്. ലോകത്തെ കോടീശ്വരന്മാർ, ബിസിനസുകാർ, ശാസ്ത്രജ്ഞർ, ചിന്തകർ എന്നിവർ സംഗമത്തിൽ ഒത്തുചേരും. ആഗോള തലത്തിലെ വെല്ലുവിളികളും പരിഹാരവും തേടും. ഇതിന്റെ ഭാഗമായി സൗദിയുമായി ലോകോത്തര കമ്പനികളുടെ കരാർ ഒപ്പുവെക്കലും നടക്കും.
കൃത്രിമബുദ്ധി, റോബോട്ടിക്‌സ്, വിഭവ ദൗർലഭ്യത്തിന്റെ ഭൗമസാമ്പത്തിക പ്രത്യാഘാതങ്ങൾ, ഭാവി തൊഴിൽ ശക്തിയും ജനസംഖ്യാപരമായ മാറ്റങ്ങളും, സാമ്പത്തിക വളർച്ച, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ വിവിധ സെഷനുകൾ കോൺഫറൻസിൽ നടക്കും. രാഷ്ട്രത്തലവന്മാർ, മുതിർന്ന എക്സിക്യൂട്ടീവുകൾ, സാങ്കേതികവിദ്യ, ഊർജ്ജം, ആരോഗ്യ സംരക്ഷണം, കാലാവസ്ഥ, ധനകാര്യം, സംസ്‌കാരം എന്നീ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ വരും ദിവസങ്ങളിലെ ചർച്ചകളിൽ പങ്കെടുക്കും.
250 സംവാദ സെഷനുകൾ നടക്കും. 8,000-ത്തിലധികം പേർ പങ്കെടുക്കും. 650 പ്രമുഖ പ്രഭാഷകർ സംവദിക്കും. 21 ലോക നേതാക്കൾ, 12 രാഷ്ട്രത്തലവന്മാർ, 250 മന്ത്രിമാർ എന്നിവരും ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിലെത്തും.
ഇത്തവണ ഇന്ത്യൻ മന്ത്രിമാർക്ക് പുറമെ ഇന്ത്യക്കാർക്കായി പ്രത്യേക സെഷനും എഫ്ഐഐയിലുണ്ടാകും. കൂടുതൽ ഇന്ത്യൻ മാധ്യമങ്ങളെ എത്തിക്കണമെന്ന എഫ്ഐഐയുടെ അഭ്യർഥനക്ക് പിന്നാലെ ദേശീയ മാധ്യമങ്ങളെ കഴിഞ്ഞ വർഷം മീഡിയവൺ റിയാദിലെത്തിച്ചിരുന്നു. കൂടുതൽ ഏഷ്യൻ വിപണി ചർച്ചകളുള്ള ഇത്തവണ, കൂടുതൽ ഇന്ത്യൻ മാധ്യമങ്ങൾക്കും ക്ഷണമുണ്ട്.
Adjust Story Font
16

