സൗദിയിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണം; വിമാന സർവീസുകൾ വൈകുന്നു, യാത്രക്കാർക്ക് മുന്നറിയിപ്പ്
ആക്രമണം പ്രതിരോധിച്ചതായും സഖ്യസേന

റിയാദ്: സൗദിയിലെ റിയാദിനെയും ഖമീസ് മുഷൈത്തിനെയും ലക്ഷ്യമിട്ട് യമനിലെ ഹൂതികൾ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി സഖ്യസേന തകർത്തു. റിയാദിന് നേരെ വന്ന രണ്ടും ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ടെത്തിയ ഒന്നും ഉൾപ്പെടെ മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ആകാശത്തുവെച്ചുതന്നെ തകർത്തതെന്ന് സഖ്യസേനാ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
ആക്രമണശ്രമത്തിന് പിന്നാലെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പലതും വൈകുന്നതായി റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി. വിമാന സർവീസുകളുടെ സമയക്രമത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് എയർലൈനുകൾ യാത്രക്കാർക്ക് പ്രത്യേക സന്ദേശങ്ങൾ അയക്കുന്നുണ്ട്. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനും വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ്. വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനങ്ങളോട് യാത്രക്കാർ പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച അധികൃതർ, യാത്രക്കാരുടെ പിന്തുണയ്ക്ക് പ്രത്യേക നന്ദിയും അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ അബഹ, റിയാദ് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ അബഹ വിമാനത്താവളത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകളും റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ഒരു സുഡാൻ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വിമാനത്താവളങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന സുരക്ഷാ പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തിയതായും സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

