യുഎസ് ട്രഷറി ബോണ്ടുകളിലെ സൗദി നിക്ഷേപത്തിൽ ഇടിവ്; ജനുവരിയിൽ 1470 കോടി ഡോളർ കുറച്ചു
യുഎസ് ട്രഷറി ബോണ്ടുകൾ കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി 18ാം സ്ഥാനത്തേക്ക് താഴ്ന്നു

റിയാദ്: അമേരിക്കൻ ട്രഷറി ബോണ്ടുകളിലുള്ള സൗദിയുടെ നിക്ഷേപത്തിൽ ജനുവരിയിൽ വലിയ കുറവ് രേഖപ്പെടുത്തി. ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 1470 കോടി ഡോളറിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ ജനുവരി അവസാനത്തെ കണക്കുപ്രകാരം സൗദിയുടെ ആകെ നിക്ഷേപം 13,480 കോടി ഡോളറായി താഴ്ന്നു. നിക്ഷേപത്തിലുണ്ടായ ഈ മാറ്റത്തോടെ ലോകരാജ്യങ്ങളുടെ പട്ടികയിൽ സൗദി ഒരു സ്ഥാനം പിന്നോട്ട് പോയി 18ാം സ്ഥാനത്തെത്തി. 14,100 കോടി ഡോളറിലധികം നിക്ഷേപമുള്ള ദക്ഷിണ കൊറിയയാണ് ഇപ്പോൾ സൗദിക്ക് മുന്നിലുള്ളത്.
സൗദിയുടെ മൊത്തം നിക്ഷേപത്തിൽ 10,620 കോടി ഡോളർ ദീർഘകാല ബോണ്ടുകളിലും 2,860 കോടി ഡോളർ ഹ്രസ്വകാല ബോണ്ടുകളിലുമാണ് ഉള്ളത്. അതായത് ആകെ നിക്ഷേപത്തിന്റെ ഏകദേശം 79 ശതമാനവും ദീർഘകാലാടിസ്ഥാനത്തിലുള്ള ബോണ്ടുകളിലാണ്. അതേസമയം, ലോകതലത്തിൽ അമേരിക്കൻ ബോണ്ടുകളിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യം ജപ്പാനാണ്. 1.22 ട്രില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപമാണ് ജപ്പാന് ഉള്ളത്. ബ്രിട്ടനാണ് (895.3 ബില്യൺ ഡോളർ) ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
അതേസമയം സൗദി അറേബ്യയുടെ വിദേശ കരുതൽ ആസ്തികളിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തി. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരി മാസത്തിൽ വിദേശ കരുതൽ ആസ്തി 1.78 ലക്ഷം കോടി റിയാലിലെത്തി. മുൻ മാസത്തെ അപേക്ഷിച്ച് 170 കോടി റിയാലിന്റെ വർധനവാണ് ഇതിലുണ്ടായത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിദേശ സെക്യൂരിറ്റികളിലെ നിക്ഷേപം, വിദേശ കറൻസി നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെയുള്ള ആസ്തികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നോക്കുമ്പോൾ മൊത്തം ആസ്തിയിൽ 10 ശതമാനത്തിന്റെ (16,250 കോടി റിയാൽ) വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ പ്രധാന പങ്കുവഹിക്കുന്ന വിദേശ കറൻസി ശേഖരം മാത്രം 1.69 ട്രില്യൺ റിയാലിലെത്തി. അന്താരാഷ്ട്ര നാണയ നിധിയിലെ കരുതൽ ശേഖരത്തിലും സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിലും കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ സ്വർണ ശേഖരം 2008 മുതൽ മാറ്റമില്ലാതെ 1.62 ബില്യൺ റിയാലായി തുടരുകയാണ്. എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്കിടയിലും വിദേശ നിക്ഷേപങ്ങളുടെ കരുത്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
Adjust Story Font
16

