പണി കിട്ടിയാലും ഇല്ലേലും 30 ദിവസത്തിനുള്ളിൽ അറിയിക്കണം; സൗദി തൊഴിൽ വകുപ്പിന്റെ മുന്നറിയിപ്പ്
ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാം

ജിദ്ദ: സൗദിയിൽ തൊഴിൽ ഇന്റർവ്യൂ ഫലം മുപ്പത് ദിവസത്തിനകം അറിയിക്കണമെന്ന് തൊഴിൽ മന്ത്രാലയം. ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും ഇക്കാര്യം നിശ്ചിത സമയത്തിനകം അറിയിച്ചിരിക്കണം. അല്ലാത്തവ ചട്ടലംഘനമായി കണക്കാക്കുമെന്നാണ് തൊഴിൽ വകുപ്പിന്റെ മുന്നറിയിപ്പ്.
സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്. ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തിയാൽ ഉദ്യോഗാർത്ഥികളെ ഫലം അറിയിക്കണം. തൊഴിലിനായി തിരഞ്ഞെടുത്താലും ഇല്ലെങ്കിലും പരമാവധി 30 ദിവസത്തിനകം ഫലം അറിയിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. നിശ്ചിത സമയത്തിനകം ഫലം അറിയിക്കാതിരിക്കുന്നത് തൊഴിൽ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും.
ഇവ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ വഴി പരാതി നൽകാം. ഇതിനായി ലേബർ സിസ്റ്റം വയലേഷൻസ് വിഭാഗത്തിൽ പ്രവേശിച്ച് ജനറൽ ഒബ്‌ലിഗേഷൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതിൽ തൊഴിൽ പരസ്യങ്ങളും അഭിമുഖങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ സ്ഥാപനം പാലിച്ചില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതി റിപ്പോർട്ട് ചെയ്യാം. തൊഴിലന്വേഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും തൊഴിൽ വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി.
Adjust Story Font
16

