സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ വായന ദിനാചാരണം സംഘടിപ്പിച്ചു
ദമ്മാം: വായന ദിനത്തോടനുബന്ധിച്ച് സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ വായന ദിനാചാരണവും, സാഹിതീയം പുസ്തകാവതരണവും സംഘടിപ്പിച്ചു. ദമ്മാം തറവാട് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ, അക്ഷരപ്രേമികളായ നിരവധി പേർ പങ്കെടുത്തു. മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ കൃതികളിലൊന്നായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണ ’എന്ന പുസ്തകത്തെ ആസ്പദമാക്കി അവതരണവും ചര്‍ച്ചയും നടന്നു. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചയെന്നു വിശേഷിപ്പിക്കാവുന്ന ജീവിതാനുഭവങ്ങളെ, കോർത്തിണക്കിയ പുസ്തകം എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ അവതരിപ്പിച്ചു. പിറക്കാതെ പോയ മകനെക്കുറിച്ചെഴുതിയ ഭ്രൂണ ഹത്യ, വിശപ്പിന്റെ മൂർദ്ധന്യത്തിൽ ഭിക്ഷയായി സ്വീകരിച്ച ഓണസദ്യയെപ്പറ്റി പറയുന്ന ഇരന്നുണ്ട ഓണം, തുടങ്ങി പഠനകാലവും, പ്രണയവും, പട്ടിണിയും, കണ്ണീരും കഥാപാത്രങ്ങളാവുന്ന പുസ്തകത്തിലെ തുറന്നെഴുത്തിനെ വികാരതയോടെ അദ്ദേഹം സദസ്സിന് പകര്‍ന്നു നല്‍കി. സൗദി മലയാളി സമാജം രക്ഷധികാരി ജേക്കബ് ഉതുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സമാജം ദേശീയ പ്രസിഡന്‍റ് മാലിക് മഖ്ബൂൽ പുസ്തകചർച്ച നയിച്ചു. സാമൂഹിക, സാംസ്കാരിക സാഹിത്യ രംഗത്തെ വ്യക്തിത്വങ്ങളായ ഡോക്ടർ മഹ്മൂദ് മൂത്തേടത്ത്, പ്രദീപ് കൊട്ടിയം, പി ടി അലവി, ലതികാ പ്രസാദ്, സയ്‌ദ് ഹമദാനി, സമദ് റഹ്മാൻ കൂടല്ലൂർ, ജയൻ ജോസഫ്, ബിനു കുഞ്ഞ്, അസ്ഹർ, ഷനീബ് അബൂബക്കർ, നജ്മുസമാൻ എന്നിവർ പുസ്തകചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ശാസ്ത്രരംഗത്ത് ഉന്നതപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ആർദ്രാ ഉണ്ണിയ്ക്ക് ചടങ്ങിൽ വെച്ച് സമാജത്തിന്റെ ഉപഹാരവും യാത്രയയപ്പും നൽകി. ബഹ്‌റൈൻ ഈദ് ബാഡ്മിന്റൺ ടൂർണമെന്റിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയാളി സമാജം നിർവ്വാഹക സമിതിയംഗം ഹുസൈൻ ചെമ്പോലിൽ, എഡ്വിൻ ലാൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അടുത്തിടെ ദമ്മാമില്‍ പ്രകാശനം ചെയ്യപ്പെട്ട റിഡെമെൻഷ്യ ‘ എന്ന ഇംഗ്ലീഷ് കവിതസമാഹാരം എഴുതിയ സ്കൂള്‍ വിദ്യാര്‍ഥി ദുവാ നജമിനെ ചടങ്ങിൽ അഭിനന്ദിച്ചു. മലയാളി സമാജം ഭാരവാഹികളായ ആസിഫ് താനൂർ, ഫബിനാ നജ്മുസമാൻ, ലീനാ ഉണ്ണികൃഷ്ണൻ, ബൈജു കുട്ടനാട്, ഷാജു അഞ്ചേരി, റൗഫ് ചാവക്കാട്, ബൈജു രാജ്, ഹമീദ് കാണിച്ചാട്ടിൽ, വിനോദ് കുഞ്ഞ്, ബൈജു രാജ് ഉണ്ണികൃഷ്ണൻ, നിഖിൽ മുരളീധരൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് ഡോക്ടർ സിന്ധു ബിനു സ്വാഗതവും, മുരളീധരൻ നായർ നന്ദിയും പറഞ്ഞു.
Adjust Story Font
16

