സൗദിയിൽ ക്രൂയിസ് കപ്പലുകൾക്കായി പുതിയ നിയമങ്ങൾ; ആഗോള സമുദ്ര സഞ്ചാര കേന്ദ്രമാകാൻ ലക്ഷ്യം
സൗദി റെഡ് സീ അതോറിറ്റിയാണ് 'സൗദി ക്രൂയിസ് റെഗുലേഷൻസ്' എന്ന പേരിൽ ഈ നിയമവ്യവസ്ഥകൾക്ക് രൂപം നൽകിയത്

റിയാദ്: സൗദി അറേബ്യ ക്രൂയിസ് കപ്പൽ വ്യവസായത്തിനായി സമഗ്രമായ പുതിയ നിയമങ്ങൾ പുറത്തിറക്കി. രാജ്യത്ത് വളർന്നുവരുന്ന ക്രൂയിസ് ടൂറിസം മേഖലയുടെ സുസ്ഥിരമായ വളർച്ചയും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സൗദി റെഡ് സീ അതോറിറ്റിയാണ് 'സൗദി ക്രൂയിസ് റെഗുലേഷൻസ്' എന്ന പേരിൽ ഈ നിയമവ്യവസ്ഥകൾക്ക് രൂപം നൽകിയത്.
നിലവിൽ പൊതുവായ സമുദ്ര, ടൂറിസം നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിയിലെ ക്രൂയിസ് മേഖല പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്രൂയിസ് കപ്പലുകൾക്കായി മാത്രമായി പ്രത്യേക നിയമങ്ങൾ കൊണ്ടുവന്നത്. സൗദി അറേബ്യയെ ഒരു ആഗോള സമുദ്ര സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള രാജ്യത്തിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
പുതിയ നിയമങ്ങൾ ഷിപ്പ് ഓപ്പറേറ്റർമാർ, ഷിപ്പിംഗ് ഏജന്റുമാർ, പോർട്ട് അതോറിറ്റികൾ എന്നിവരുടെ ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുന്നു. ലൈസൻസുകൾ, സേവനങ്ങൾക്കുള്ള പ്രത്യേക അനുമതികൾ എന്നിവ ലളിതമാക്കാനും സാങ്കേതികവും പ്രവർത്തനപരവുമായ ആവശ്യകതകൾ ഏകീകരിക്കാനും പുതിയ നിയമങ്ങൾ സഹായിക്കും. ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പരിശീലനം, അപകടങ്ങളിൽ പ്രതികരിക്കാനുള്ള പദ്ധതികൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ, സുരക്ഷാ ഉപകരണങ്ങൾ, മെഡിക്കൽ ജീവനക്കാരുടെ ലഭ്യത എന്നിവയും നിയമങ്ങളിൽ ഉൾപ്പെടുന്നു.
പരിസ്ഥിതി സംരക്ഷണത്തിനും പുതിയ ചട്ടങ്ങൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. മാലിന്യ ശേഖരണവും കൈകാര്യം ചെയ്യലും, ഉപയോഗിച്ച വെള്ളത്തിന്റെ സംസ്‌കരണം, ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവയുടെ നിയന്ത്രണം, അന്താരാഷ്ട്ര കരാറുകൾ പാലിക്കൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുക, ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുക, പ്രകൃതി സംരക്ഷിക്കുക, മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക എന്നിവയെല്ലാം ഈ പുതിയ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളാണ്.
Adjust Story Font
16

