വേൾഡ് കപ്പിൽ സൗദി ടീമിന് തത്സമയ കവറേജുമായി സൗദി സ്പോർട്സ് ചാനലുകൾ
അമേരിക്കയിലെ നാല് നഗരങ്ങളിൽ നിന്ന് സംപ്രേക്ഷണം

റിയാദ്: ഫിഫ ലോകകപ്പ് 2026 ൽ സൗദി അറേബ്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പങ്കാളിത്തത്തോട് അനുബന്ധിച്ച്, സൗദി സ്പോർട്സ് ചാനലുകൾ തത്സമയ കവറേജ് ഒരുക്കുന്നു. അമേരിക്കയിലെ നാല് പ്രധാന നഗരങ്ങളായ ഓസ്റ്റിൻ, ഹൂസ്റ്റൺ, അറ്റ്ലാന്റ, മിയാമി എന്നിവടങ്ങളിൽ നിന്നാണ് സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ കീഴിൽ കവറേജ് ഒരുക്കുന്നത്.
സൗദി ടീം താമസിക്കുന്ന സ്ഥലങ്ങൾ, അവരുടെ പരിശീലന സെഷനുകൾ, മത്സര വേദികൾ, പ്രസ് കോൺഫറൻസുകൾ, ഈ നഗരങ്ങളിലെ ആരാധകരുടെ ഒത്തുചേരൽ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഈ കവറേജിൽ ഉൾപ്പെടും. ദേശീയ ടീമിന്റെ ലോകകപ്പ് യാത്രയെ പിന്തുടർന്ന് രണ്ട് പ്രത്യേക പരിപാടികളും സൗദി സ്പോർട്സ് ചാനലുകൾ സംപ്രേക്ഷണം ചെയ്യും. ദിവസവും ഉച്ചക്ക് 2:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന 'സ്പോർട്ട് സെന്റർ', രാത്രി 9:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന 'ഫീ അൽതീസീൻ' എന്നിവയാണവ. ടൂർണമെന്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സൗദി ടീമിന്റെ പ്രകടനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ഈ പരിപാടികളിലൂടെ പ്രേക്ഷകരിലെത്തും. ഇതിനുപുറമെ, റിയാദിലെയും രാജ്യത്തെ വിവിധ നഗരങ്ങളിലെയും ഫാൻ സോണുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങളും ചാനലുകൾ ദിവസേന നൽകും. ലോകകപ്പ് മത്സരങ്ങളോടുള്ള ആരാധകരുടെ പ്രതികരണങ്ങളും ആവേശവും ഇതിലൂടെ പങ്കുവെക്കും.
Adjust Story Font
16

