എട്ട് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ സൗദി ഓഹരി വിപണി; സംഘർഷങ്ങൾക്കിടയിലും മികച്ച പ്രകടനം
ഏകദേശം 6.6 ബില്യൺ റിയാലിന്റെ ഇടപാടുകളാണ് ഇന്ന് വിപണിയിൽ നടന്നത്

റിയാദ്: സൗദി അറേബ്യൻ ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും നേട്ടം തുടരുന്നു. വിപണിയിലെ പ്രധാന സൂചികയായ താസി ഇന്ന് 11,276 പോയിന്റിലെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ എട്ട് ആഴ്ചകൾക്കിടയിലെ ഏറ്റവും ഉയർന്ന നിലവാരമാണിത്. പ്രമുഖ എണ്ണക്കമ്പനിയായ സൗദി അരാംകോ ഉൾപ്പെടെയുള്ള മുൻനിര ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചതാണ് വിപണിക്ക് കരുത്തായത്. വ്യാപാരത്തിന്റെ തുടക്കത്തിൽ സൂചിക വലിയ ആവേശം പ്രകടിപ്പിച്ചെങ്കിലും, പിന്നീട് ലാഭമെടുപ്പ് സജീവമായതോടെ നേട്ടം 0.2 ശതമാനമായി പരിമിതപ്പെട്ടു. ഏകദേശം 6.6 ബില്യൺ റിയാലിന്റെ ഇടപാടുകളാണ് ഇന്ന് വിപണിയിൽ നടന്നത്.
കഴിഞ്ഞ മാർച്ച് മാസം മുതൽ മികച്ച പ്രകടനമാണ് സൗദി വിപണി കാഴ്ചവെക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ആയിരത്തോളം പോയിന്റുകളാണ് സൂചിക വർധിച്ചത്. എന്നാൽ, 11,300 മുതൽ 11,400 വരെയുള്ള പോയിന്റുകളിൽ വിപണി കടുത്ത പ്രതിരോധം നേരിടാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. കമ്പനികളുടെ നാലാം പാദ ലാഭവിവരങ്ങളിൽ വലിയ വളർച്ച രേഖപ്പെടുത്താത്തത് വരും ദിവസങ്ങളിൽ വിപണിയെ സ്വാധീനിച്ചേക്കാം. എങ്കിലും നിലവിലെ മുന്നേറ്റം നിക്ഷേപകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരും സെഷനുകളിൽ 11,300 എന്ന കടമ്പ മറികടക്കാൻ വിപണിക്ക് സാധിക്കുമോ എന്നാണ് നിക്ഷേപകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
Adjust Story Font
16

