സൗദി ഓഹരി വിപണിയിൽ ഇന്ന് മുതൽ വിദേശികൾക്കും നിക്ഷേപിക്കാം
ജിസിസി പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് ബ്രോക്കർമാർ വഴി എളുപ്പത്തിൽ ഓഹരികൾ വാങ്ങാം

റിയാദ്: സൗദി അറേബ്യയുടെ ഓഹരി വിപണിയിൽ ഇന്ന് മുതൽ എല്ലാ വിഭാഗത്തിലുള്ള വിദേശികൾക്കും ട്രേഡിങ് നടത്താം. നേരത്തെ വിദേശികൾക്ക് ഓഹരി വാങ്ങാൻ അനുമതിയുണ്ടായിരുന്നെങ്കിലും തദാവുൽ (സൗദി ഓഹരി വിപണി) വഴി ട്രേഡിങ് നടത്തുന്നതിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു. വിദേശ ഓഹരി നിക്ഷേപകർക്ക് 'ക്വാളിഫൈഡ് ഫോറിൻ ഇൻവെസ്റ്റേഴ്സ്' അഥവാ QFI പ്രോഗ്രാം വഴി മാത്രമായിരുന്നു ആക്സസ് ലഭിച്ചിരുന്നത്. എന്നു വെച്ചാൽ സൗദി ഓഹരി വിപണിയിൽ ഇടപാട് നടത്താൻ നിശ്ചിത യോഗ്യതകൾ വേണമായിരുന്നു. കൂടാതെ, സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അംഗീകരിക്കുകയും വേണം.
പക്ഷേ, പുതിയ നിയമപരിഷ്കാരം ക്വാളിഫൈഡ് ഫോറിൻ ഇൻവെസ്റ്റേഴ്സ് എന്ന ചട്ടം തന്നെ പൂർണമായും നീക്കം ചെയ്യുന്നു. അതിനാൽ എല്ലാ വിദേശികളായ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, പ്രവാസികൾക്കും, സൗദി ലൈസൻസുള്ള ബ്രോക്കർമാരായ കമ്പനികൾ വഴി നേരിട്ട് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയും. 2025 സെപ്റ്റംബർ അവസാനത്തോടെ സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 590 ശതകോടി റിയാൽ കടന്നിരുന്നു. 2024-നെ അപേക്ഷിച്ച് വൻ വർധനവാണ് ഇതിൽ രേഖപ്പെടുത്തിയത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ കണക്കുകൾ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

