Quantcast

ഒരു വർഷത്തെ കാലാവധിയുള്ള സന്ദർശക വിസകൾ താൽക്കാലികമായി നിർത്തലാക്കി സൗദി

സന്ദർശക വിസയിൽ വരാനിരുന്ന കുടുംബങ്ങൾ ഇനി മൂന്ന് മാസം വരെ നിൽക്കാവുന്ന സിംഗിൾ എൻട്രി വിസകൾ എടുക്കേണ്ടി വരും

MediaOne Logo

Web Desk

  • Published:

    6 Feb 2025 4:22 PM GMT

Saudi Arabia has temporarily suspended one-year visitor visas
X

റിയാദ്: ഒരു വർഷത്തെ കാലാവധിയുള്ള സന്ദർശക വിസകൾ താൽക്കാലികമായി നിർത്തലാക്കി സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് സൗദിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കോൾ സെന്ററിൽ നിന്ന് അറിയിച്ചു. ഹജ്ജിന് മുന്നോടിയായാണ് നടപടിയെന്നാണ് സൂചന. ഇതോടെ സന്ദർശക വിസയിൽ വരാനിരുന്ന കുടുംബങ്ങൾ ഇനി മൂന്ന് മാസം വരെ നിൽക്കാവുന്ന സിംഗിൾ എൻട്രി വിസകൾ എടുക്കേണ്ടി വരും.

സൗദി അറേബ്യയിലേക്ക് വരാൻ പ്രവാസി കുടുംബങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നത് ഒരു വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പ്ൾ എൻട്രി വിസകളാണ്. ഈ വിസകളിലെത്തിയാൽ മൂന്ന് മാസം വരെ തുടർച്ചയായി നിൽക്കാം. പിന്നീട് ഓൺലൈൻ വഴിയോ സൗദിക്ക് പുറത്ത് പോയി വന്നോ വിസ പുതുക്കാം. ഇങ്ങിനെ ഒരു വർഷം വരെ നിൽക്കാമായിരുന്നു. ഈ വിസയാണ് ഇപ്പോൾ ലഭിക്കാത്തത്.

നിലവിൽ വിസ സ്റ്റാമ്പ് ചെയ്തവർക്ക് സൗദിയിലേക്ക് വരാൻ തടസ്സമില്ല. സൗദിയിൽ നിലവിൽ ഈ വിസകളിലുള്ളവർക്ക് അവ പുതുക്കി കാലാവധി വരെ തങ്ങുകയും ചെയ്യാം. പുതുതായി വിസകൾ എടുക്കാൻ ശ്രമിക്കുന്നവർക്കാണ് തടസ്സം നേരിടുന്നത്. നിലവിൽ വിസ ലഭിച്ച് സ്റ്റാമ്പിങിന് കൊടുത്ത ചിലർക്ക് അത് ലഭ്യമായിട്ടില്ല. ലഭ്യമായവരിൽ ചിലർക്ക് ഒരു വർഷത്തെ വിസയിൽ ഒരു മാസം വരെയാണ് കാലാവധി ലഭിച്ചത്. ഇതോടെ സൗദിയിലേക്ക് വരാനായി വിസയെടുത്തവർ പ്രതിസന്ധിയിലായി.

ഉംറ വിസകൾ റമദാൻ അടുത്തതോടെ കുറഞ്ഞ ദിവസമേ ഇനി ലഭ്യമാകൂ. ഉംറ വിസയിലെത്തുന്നവരെല്ലാം ഹജ്ജിന് മുന്നോടിയായി ഏപ്രിൽ 28നകം മടങ്ങണമെന്ന നിർദേശമുണ്ട്. ഇതോടെ ഇനി സൗദിയിലേക്ക് വന്ന് വെക്കേഷന് ഉപയോഗിക്കാവുന്ന ഏക വിസ ഇനി സിംഗിൾ എൻട്രി വിസകൾ മാത്രമായിരിക്കും. ഈ വിസയിൽ വന്നാൽ 90 ദിവസം വരെ തങ്ങാം. എന്നാൽ ഓരോ 30 ദിനമാകുമ്പോഴും 100 റിയാൽ ഫീസടച്ച് വിസ പുതുക്കണം. 90 ദിവസം പൂർത്തിയാകുന്നതിനിടെ സൗദിയിൽ നിന്ന് പുറത്ത് പോയാൽ വിസ റദ്ദാവുകയും ചെയ്യും.

ഒരു വർഷം കാലാവധിയുള്ള ബിസിനസ് വിസിറ്റ് വിസകളും നിർത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ കൂടുതൽ പ്രവാസികളുള്ള രാജ്യക്കാർക്കാണ് നിയന്ത്രണം. ഹജ്ജിന് മുന്നോടിയായാണ് നീക്കമെന്ന് കരുതുന്നു. കഴിഞ്ഞ വർഷം വിസിറ്റ് വിസകളിലെത്തിയവർ മക്കയിൽ പിടിയിലായിരുന്നു. വിസകൾ നിർത്തിയതിന്റെ പ്രത്യാഘാതം പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്നാണ് വിവരം. അല്ലെങ്കിൽ ഹജ്ജിന് ശേഷം നിർത്തലാക്കിയ വിസകൾ ലഭിച്ചേക്കാം എന്നുമാണ് വിദേശകാര്യ കോൾസെന്ററിൽ നിന്ന് ലഭിക്കുന്ന മറുപടി.

TAGS :

Next Story